തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെ അബദ്ധം കേരളീയര്‍ ആവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്റില്‍ ജനകീയ പ്രശ്നങ്ങള്‍ ഉയരുമ്പോള്‍ ഇടപെടലുകള്‍ നടത്താന്‍ ഇടതുപക്ഷ പ്രതിനിധികള്‍ വേണമെന്നും സി.പി.ഐ.എമ്മിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പുറപ്പെടുവിച്ച പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും വേണ്ടി പോരാടാന്‍ ഇടതുപക്ഷ പ്രതിനിധികള്‍ക്കുമാത്രമേ കഴിയൂ. അത് പാര്‍ലമെന്റില്‍ തെളിഞ്ഞതാണ്. അതിനാല്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ അബദ്ധം സംസ്ഥാനത്ത് ആവര്‍ത്തിക്കരുത്. ജുഡീഷ്യറിയെക്കൂടി കാല്‍ക്കീഴിലാക്കാനാണ് ബി.ജെ.പി നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.
ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ മറച്ചുവെക്കാന്‍ അവര്‍ വര്‍ഗീയത ഇളക്കി വിടുകയാണ്. പാര്‍ലമെന്റില്‍ ജനകീയ പ്രശ്നങ്ങള്‍ ഉയരുമ്പോള്‍ അംഗങ്ങള്‍ കുറവായിട്ടും ഇടതുപക്ഷമാണ് ശക്തമായ നിലപാട് സ്വീകരിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.
കോണ്‍ഗ്രസിന് പാര്‍ലമെന്റില്‍ ബി.ജെ.പിയെ എതിരിടാന്‍ കഴിയുന്നില്ല. ഒരിക്കല്‍ക്കൂടി ബി.ജെ.പി ഭരണത്തിലെത്തിയാല്‍ രാജ്യം തകരും. മതനിരപേക്ഷ ശക്തിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് വര്‍ഗീയതയുമായി സമരസപ്പെടുകയാണ്. ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ മനസോടെയാണിന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് തിരിയുന്നത്. വേണമെങ്കില്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് പറഞ്ഞയാളാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. സംസ്ഥാനത്തിന് ഗുണംവരുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍പോലും കോണ്‍ഗ്രസ് പ്രതിനിധികള്‍ അനുവദിക്കുന്നില്ല.