വിനു വി. ജോണിനെതിരായ കേസ് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് മുഖ്യമന്ത്രി; പ്രത്യേകം എഴുതി നല്‍കിയാല്‍ പരിശോധിക്കാമെന്നും മറുപടി
Kerala News
വിനു വി. ജോണിനെതിരായ കേസ് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് മുഖ്യമന്ത്രി; പ്രത്യേകം എഴുതി നല്‍കിയാല്‍ പരിശോധിക്കാമെന്നും മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th July 2022, 11:23 pm

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ വിനു വി. ജോണിനെതിരെ പൊലീസ് എടുത്ത കേസ് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകരാരെങ്കിലും പ്രത്യേകം എഴുതി നല്‍കിയാല്‍ പരിശോധിക്കാമെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സി.പി.ഐ.എം നേതാവ് എളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്ന പേരിലാണ് ഏഷ്യനെറ്റ് അവതാരകന്‍ വിനു വി. ജോണിനെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നത്. എളമരം കരീം നല്‍കിയ പരാതിയില്‍ ആണ് കേസ്.

ടി.വി. ചാനല്‍ പ്രോഗ്രാം വഴി ഭീഷണിപ്പെടുത്തണമെന്നും മറ്റുള്ളവരെക്കൊണ്ട് ആക്രമിപ്പിക്കണമെന്നും മനപ്പൂര്‍വം അപമാനിച്ച് സമാധാന ലംഘനം നടത്തണമെന്ന ഉദ്ദേശത്തോടെ വിനു വി. ജോണ്‍ പ്രവര്‍ത്തിച്ചുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

കഴിഞ്ഞ ദേശീയ പണിമുടക്കിനിടെ തിരൂരില്‍ ഓട്ടോ ഡ്രൈവറായ യാസറിനെ ഓട്ടോയില്‍ നിന്ന് പിടിച്ചിറക്കി പണിമുടക്ക് അനൂകൂലികള്‍ മര്‍ദിച്ചിരുന്നു. ഇതിനെക്കുറിച്ച് ഇളമരം കരീമിന്റെ പ്രതികരണമിതായിരുന്നു. മാസങ്ങള്‍ക്ക് മുമ്പേ പ്രഖ്യാപിച്ച പണിമുടക്കായിരന്നു ഇത്. അന്ന് റോട്ടിലിറങ്ങിയിട്ട് എന്നെ പിച്ചി മാന്തി എന്നൊക്ക പറഞ്ഞുവരികയാണെന്നായിരുന്നു. ഇതിന് അന്നേദിവസത്തെ ചാനല്‍ ചര്‍ച്ചക്കിടെ വിനുവിന്റെ പ്രതികരണം വിവാദമായിരുന്നു.

‘എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണം ആയിരുന്നു എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു, അപ്പോള്‍ അറിയാമായിരുന്നു പിച്ചലും മാന്തലുമൊക്കെ’. എന്നായിരുന്നു വിനുവിന്റെ പ്രതികരണം.

ഇതിന് പിന്നാലെ വിനു വി. ജോണിനെതിരെ വ്യാപകമായി രീതിയില്‍ പോസ്റ്ററുകള്‍ അദ്ദേഹത്തിന്റെ വീടിനമുന്നിലും തിരുവനന്തപുരം നഗരത്തിലും പ്രത്യക്ഷപ്പെടുകയും ഏഷ്യാനെറ്റിലേക്ക് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തുകയും ചെയ്തിരുന്നു.