mothers day
ഒരാളുടെ ത്യാഗം മറ്റൊരാളുടെ സ്വാതന്ത്ര്യമായി മാറരുത്, ത്യാഗം ചെയ്യേണ്ടവള്‍ എന്ന അമ്മയെക്കുറിച്ചുള്ള പൊതുസങ്കല്‍പം പുരുഷാധികാരത്തിന്റെ ഭാഗം: മാതൃദിനത്തില്‍ മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 09, 11:19 am
Sunday, 9th May 2021, 4:49 pm

കോഴിക്കോട്: മറ്റുള്ളവര്‍ക്കു വേണ്ടി ത്യാഗം ചെയ്യേണ്ടവള്‍ എന്ന അമ്മയെക്കുറിച്ചുള്ള പൊതുസങ്കല്‍പം ലിംഗപരമായ അസമത്വത്തെന്റെയും ജന്മിത്വ സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ നിലനില്‍ക്കുന്ന പുരുഷാധികാരത്തിന്റെയും ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും, അത് അടുക്കള പണിയായാലും, മക്കളെ പരിപാലിക്കുന്നതായാലും, സാമ്പത്തിക കാര്യങ്ങളായാലും, സ്ത്രീയ്ക്കും പുരുഷനും തുല്യ പങ്കാണ് ഉണ്ടാകേണ്ടത് അദ്ദേഹം ഓര്‍മിപ്പിച്ചു.

‘യാഥാസ്ഥിതിക സങ്കല്‍പത്തിന്റെ മഹത്വവല്‍ക്കരണം സ്ത്രീയുടെ സാശ്രയത്വത്തേയും സ്വാതന്ത്ര്യത്തേയും കൂച്ചുവിലങ്ങിടാനുള്ള ഉപാധിയായി മാറുകയാണ്. നമ്മെ നയിക്കുന്ന നീതിശൂന്യമായ ബോധത്തെ തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സ്വന്തം കാഴ്ചപ്പാടുകളേയും ശീലങ്ങളേയും തിരുത്തുക എന്നത് അത്യധികം ശ്രമകരമായ കാര്യമാണ്.

ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്ന സ്ത്രീ പുരുഷ സമത്വത്തിന്റെ ഉദാത്ത കാഴ്ചപ്പാടുകള്‍ സ്വജീവിതങ്ങളില്‍ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനം പ്രധാന ഉത്തരവാദിത്തമായി നമുക്ക് ഏറ്റെടുക്കാം,’ മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മറ്റുള്ളവര്‍ക്കു വേണ്ടി ത്യാഗം ചെയ്യേണ്ടവള്‍ എന്നതാണ് അമ്മയെക്കുറിച്ച് സമൂഹം പേറുന്ന പൊതുസങ്കല്‍പം. ജന്മിത്വ സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ നിലനില്‍ക്കുന്ന പുരുഷാധികാര സമൂഹമാണ് നമ്മുടേത്. ലിംഗപരമായ അസമത്വത്തെ ചൂഷണം ചെയ്തു ലാഭം കൊയ്യുന്ന മുതലാളിത്തമാണ് ഇവിടുള്ളത്. ഇവ തീര്‍ക്കുന്ന യാഥാസ്ഥിതികമായ മൂല്യബോധങ്ങളില്‍ നിന്നാണ് മേല്‍പറഞ്ഞ മാതൃ സങ്കല്‍പം ഉരുത്തിരിയുന്നത്.

ഈ യാഥാസ്ഥിതിക സങ്കല്‍പത്തിന്റെ മഹത്വവല്‍ക്കരണം സ്ത്രീയുടെ സാശ്രയത്വത്തേയും സ്വാതന്ത്ര്യത്തേയും കൂച്ചുവിലങ്ങിടാനുള്ള ഉപാധിയായി മാറുകയാണ്. കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും, അത് അടുക്കള പണിയായാലും, മക്കളെ പരിപാലിക്കുന്നതായാലും, സാമ്പത്തിക കാര്യങ്ങളായാലും, സ്ത്രീയ്ക്കും പുരുഷനും തുല്യ പങ്കാണ് ഉണ്ടാകേണ്ടത്. ഒരാളുടെ ത്യാഗം മറ്റൊരാളുടെ സ്വാതന്ത്ര്യമായി മാറരുത്.

നമ്മെ നയിക്കുന്ന നീതിശൂന്യമായ ബോധത്തെ തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സ്വന്തം കാഴ്ചപ്പാടുകളേയും ശീലങ്ങളേയും തിരുത്തുക എന്നത് അത്യധികം ശ്രമകരമായ കാര്യമാണ്. ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്ന സ്ത്രീ പുരുഷ സമത്വത്തിന്റെ ഉദാത്ത കാഴ്ചപ്പാടുകള്‍ സ്വജീവിതങ്ങളില്‍ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനം പ്രധാന ഉത്തരവാദിത്തമായി നമുക്ക് ഏറ്റെടുക്കാം.

ഈ മാതൃദിനത്തില്‍, വീടിന്റെ മതില്‍ക്കെട്ടിനു പുറത്തുള്ള വിശാലമായ ലോകത്തേയ്ക്ക് ഇരു കൈകളും നീട്ടി അമ്മമാരെ നമുക്ക് സ്വാഗതം ചെയ്യാം. മറ്റൊരാളുടെ നന്മയ്ക്കു വേണ്ടി സ്വയം ത്യജിക്കാന്‍ സന്നദ്ധരായ അമ്മമാരായി എല്ലാവര്‍ക്കും മാറാം. കൊവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിയെ മറികടന്ന് നവകേരളത്തിലേയ്ക്ക് മുന്നേറാന്‍ ആ ത്യാഗസന്നദ്ധത നമുക്ക് ഊര്‍ജ്ജമാകട്ടെ. എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം മാതൃദിന ആശംസകള്‍ നേരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


 

 
Content Highlights: Chief Minister Pinarayi Vijayan's Mother's Day message