Kerala News
ഗവര്‍ണര്‍ക്ക് ക്ഷണമില്ല; മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് ഇന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Dec 20, 02:27 am
Tuesday, 20th December 2022, 7:57 am

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കുന്ന ക്രിസ്മസ് വിരുന്ന് ചൊവ്വാഴ്ച നടക്കും. ഉച്ചക്ക് 12 മണിക്ക് മാസ്‌കറ്റ് ഹോട്ടലിലാണ് വിരുന്ന് ഒരുക്കിയിട്ടുള്ളത്. പ്രതിപക്ഷ നേതാവിനും മന്ത്രിമാര്‍ക്കും മതമേലധ്യക്ഷന്‍മാര്‍ക്കും വിരുന്നിലേക്ക് ക്ഷണമുണ്ട്.

എന്നാല്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിന് ക്ഷണിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഗവര്‍ണര്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച വിരുന്നിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എല്ലാം ക്ഷണിച്ചിരുന്നെങ്കിലും സര്‍ക്കാരും പ്രതിപക്ഷവും പങ്കെടുത്തിരുന്നില്ല.

അതേസമയം, മുഖ്യമന്ത്രിയുടെ വിരുന്നുകള്‍ക്ക് സാധാരണനിലയില്‍ ഗവര്‍ണര്‍മാരെ ക്ഷണിക്കുന്ന പതിവില്ല. കഴിഞ്ഞ റംസാന്‍ കാലത്ത് നടത്തിയ ഇഫ്താര്‍ വിരുന്നിലും ഗവര്‍ണറെ ക്ഷണിച്ചിരുന്നില്ല.

ഓണം വാരാഘോഷത്തിന്റെ സമാപന പരിപാടിയില്‍ ഗവര്‍ണറെ ക്ഷണിക്കാതിരുന്ന സര്‍ക്കാര്‍ നടപടി ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിച്ചിരുന്നു. സര്‍ക്കാര്‍ തന്നെ ക്ഷണിച്ചിരുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറുയുകയും ചെയ്തിരുന്നു.

എന്നാല്‍, ഗവര്‍ണര്‍ എത്തുമ്പോള്‍ സുരക്ഷാ മുന്നൊരുക്കങ്ങളും പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികളും കാരണം മറ്റ് അതിഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് ഗവര്‍ണറെ ഒഴിവാക്കിയിരുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇത്തവണയും ഗവര്‍ണറെ ക്ഷണിക്കാതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.