തിരുവനന്തപുരം: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ബി.ജെ.പി അനുകൂല പ്രസ്താവനക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അവസരവാദികള്‍ സുഖിപ്പിക്കുന്ന വര്‍ത്തമാനം പറയുമെന്നും, അത് പൊതുവികാരമായി കണക്കാക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍ പെരളശ്ശേരിയില്‍ എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അവസരവാദികളായ ആളുകളുടെ സുഖിപ്പിക്കുന്ന വര്‍ത്തമാനം കേട്ടുകൊണ്ട്, അതാണ് കേരളത്തിന്റെ പൊതുവികാരം എന്ന് സംഘപരിവാര്‍ കരുതേണ്ട. വര്‍ഗീയതയെ എതിര്‍ക്കുക എന്നതാണ് കേരളത്തിന്റെ രീതി.
എല്ലാ വര്‍ഗീയതയോടും കേരളത്തിന് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണുള്ളത്. ബി.ജെ.പി അജണ്ട നടപ്പാക്കാനുള്ള നാടല്ല കേരളം. എന്ത് കാര്യമാണെങ്കിലും കേന്ദ്ര സര്‍ക്കാരോ ബി.ജെ.പിയോ കേരളത്തില്‍ ഒരു ബദലല്ല,’ മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ സഹായിക്കുമെന്നായിരുന്നു ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന. കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ആലക്കോട് സംഘടിപ്പിച്ച കര്‍ഷക റാലിയിലായിരുന്നു തലശ്ശേരി ബിഷപ്പിന്റെ പരാമര്‍ശം.
‘റബ്ബര്‍ കര്‍ഷകരെ സഹായിച്ചാല്‍ ബി.ജെ.പിയെ പിന്തുണയ്ക്കും. കേന്ദ്ര സര്‍ക്കാര്‍ റബ്ബര്‍ വില 300 രൂപയാക്കി ഉയര്‍ത്തിയാല്‍ ബി.ജെ.പിയെ സഹായിക്കും. കേരളത്തില്‍ ഒരു എംപി പോലുമില്ലെന്ന വിഷമം മാറ്റിത്തരാം,’ എന്നായിരുന്നു ബിഷപ്പ് പ്രസംഗത്തില്‍ പറഞ്ഞിരുന്നത്.