നിഷേധ ചിന്താഗതിക്കാര്‍ക്ക് സഹായകരമാകുന്ന നിലപാട് ഗവര്‍ണര്‍ സ്വീകരിക്കരുത്, ചാൻസിലർ സ്ഥാനം മോഹമില്ല; സര്‍വകലാശാല വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി
Kerala News
നിഷേധ ചിന്താഗതിക്കാര്‍ക്ക് സഹായകരമാകുന്ന നിലപാട് ഗവര്‍ണര്‍ സ്വീകരിക്കരുത്, ചാൻസിലർ സ്ഥാനം മോഹമില്ല; സര്‍വകലാശാല വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th December 2021, 4:25 pm

കണ്ണൂര്‍: സര്‍വകലാശാല വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത വിദ്യഭ്യാസ മേഖല ശക്തിപ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടക്ക് വലിയ മാറ്റങ്ങളുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

വി.സിമാരുടെ നിയമനം കക്ഷി രാഷ്ട്രീയപരമായല്ല. അക്കാദമിക മികവുള്ള വി.സിമാരാണ് കേരളത്തിലുള്ളത്. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നല്ല ബന്ധമാണ്. അദ്ദേഹത്തിന് മോശമായ രീതിയിലുള്ള ഒന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും പണറായി പറഞ്ഞു.

യൂണിവേഴ്‌സിറ്റികളുടെ ചാന്‍സിലര്‍ സ്ഥാനം സര്‍ക്കാര്‍ ആഗ്രഹിക്കുന്നല്ല. അത് ഗവര്‍ണര്‍ തന്നെ കൈകാര്യം ചെയ്യണം എന്ന് തന്നെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇപ്പോഴുള്ള നിലപാടില്‍ നിന്ന് ഗവര്‍ണര്‍ പിന്നോട്ട് പോകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണറുടെ പരസ്യപ്രസ്താവന ദുഖകരമാണ്. കേരളം ഒട്ടും മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകരമാകുന്ന നിലപാട് ഗവര്‍ണര്‍ സ്വീകരിക്കരുത്. മനസാക്ഷിക്ക് വിരുദ്ധമായി ഗവര്‍ണര്‍ എന്തെങ്കിലും ചെയ്യണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണഗതിയില്‍ ഇത് ഇങ്ങനെ വാര്‍ത്താ സമ്മേളനം വിളിച്ചുപറയേണ്ട കാര്യമല്ല. ഗവര്‍ണര്‍ പരസ്യമായി പ്രതികരിച്ചതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടിവന്നത്. സര്‍ക്കാരിന് പിടിവാശിയില്ലെന്നും ഇനിയും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ അലകും പടിയും മാറണമെന്ന് എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ പറഞ്ഞിട്ടുണ്ട്. എല്ലാം തികഞ്ഞതെന്ന അഭിപ്രായം സര്‍ക്കാരിനില്ല. ഉന്നത വിദ്യഭ്യാസ മേഖലയില്‍ ഇനിയും ശ്രദ്ധവേണ്ടതുണ്ട്. സര്‍ക്കാര്‍ നിലപാട് അറിയാത്തയാളല്ല ഗവര്‍ണറെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണറുടെ പ്രതികരണങ്ങള്‍ മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുകയാണുണ്ടായത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഗവര്‍ണര്‍ അയച്ച കത്തിന് സര്‍ക്കാര്‍ അന്ന് തന്നെ മറുപടി നല്‍കിയിരുന്നു.

ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡി. ചീഫ് സെക്രട്ടറിയും ഗവര്‍ണറെ നേരിട്ട് കണ്ടാണ് മറുപടി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിറ്റേദവിസം ധനകാര്യമന്ത്രി അദ്ദേഹത്തെ കണ്ടിട്ടുണ്ട്. സ്ഥലത്തില്ലാത്തതിനാല്‍ ഗവര്‍ണറെ താന്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

24 മണിക്കൂര്‍ പോലും അധ്യാപക യോഗ്യതയില്ലാത്തവരെ യു.ഡി.എഫിന്റെ കാലത്തുണ്ടായിട്ടുണ്ട്. അത് ഇപ്പോള്‍ ഒരു കത്തിന്റെ പേരില്‍ രംഗത്തെത്തിയവര്‍ ഓര്‍ക്കണം. യു.ഡി.എഫ് നിയമിച്ച വി.സിയെ അവരുടെ ഗവര്‍ണര്‍ തന്നെ നീക്കം ചെയ്യേണ്ടിവന്നത് മറന്നുപോകരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Chief Minister Pinarayi Vijayan responds to Governor Arif Mohammad Khan on university controversy