| Saturday, 11th June 2022, 12:06 pm

എന്തും വിളിച്ച് പറയുന്നവരുടെ പിന്നില്‍ ഏത് കൊലകൊമ്പനായാലും കണ്ടുപിടിക്കും: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

എന്തും വിളിച്ച് പറയുന്നവരുടെ പിന്നില്‍ ഏത് കൊലകൊമ്പനായാലും കണ്ടുപിടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിരട്ടാനൊക്കെ നോക്കി, അത് കയ്യില്‍ വെച്ചാല്‍ മതി. എന്തും വിളിച്ച് പറയാനുള്ള ലൈസന്‍സ് ഉണ്ടെന്ന് കരുതരുത്. അങ്ങനെ പറഞ്ഞവര്‍ക്ക് കിട്ടിയ അനുഭവം ഓര്‍മയുണ്ടല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയും കുടുംബവും കറന്‍സി കടത്തിന്റെ ഭാഗമായി എന്ന് സ്വപ്ന സുരേഷ് നടത്തിയ ആരോപണത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

കേരളത്തില്‍ വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അതിനെ എതിര്‍ക്കാന്‍ ഇടതുപക്ഷമുണ്ടെന്നും കടുത്ത ജനദ്രോഹ നടപടികള്‍ സ്വീകരിക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോട്ടയത്ത് നടന്ന കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം കോട്ടയത്ത് നടന്ന പരിപാടിയില്‍ കനത്ത സുരക്ഷയ്ക്കിടെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം അരങ്ങേറി. പൊലീസിന്റെ കനത്ത സുരക്ഷാ വലയം ഭേദിച്ച് അകത്തുകടന്ന് കരിങ്കൊടി കാട്ടിയ ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയരാന്‍ ഇടയുള്ളത് കണക്കിലെടുത്ത് മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രി താമസിക്കുന്ന നാട്ടകം ഗസ്റ്റ് ഹൗസിന് മുന്നില്‍ കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തി.

കറുത്ത മാസ്‌ക് മാറ്റാന്‍ പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. വേദിയിലേക്കുള്ള റോഡ് പൂര്‍ണ്ണമായും അടച്ചിരുന്നു.

Content Highlights: Chief Minister Pinarayi Vijayan responds to allegations made by Swapna Suresh, accused in gold smuggling case

Latest Stories

We use cookies to give you the best possible experience. Learn more