തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യവും പഠിക്കുന്നതിനായി ഹേമ കമ്മിറ്റി പോലൊരു സമിതിയെ നിയോഗിക്കുന്ന ആദ്യ സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2017 ജൂണ്‍ ആറിനാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ചില സാങ്കേതിക തടസങ്ങള്‍ നേരിട്ടത് മൂലം സമയം നീട്ടിനല്‍കുകയും ചെയ്തു. 2019 ഡിസംബര്‍ 31ന് നല്‍കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അതീവ പ്രാധാന്യം നല്‍കി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടിയന്തരമായി പരിഗണിക്കേണ്ട പ്രശ്‌നങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ തീര്‍പ്പുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിശദമായ പരിശോധനയിലൂടെ നടപ്പിലാക്കേണ്ട ശുപാര്‍ശകള്‍ തുടര്‍ന്ന് പരിഗണിക്കുകയും ചെയ്തു. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ ഒരു പൊതുമാര്‍ഗരേഖ തയ്യാറാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടോ എന്ന പ്രശ്‌നത്തെയാണ് രണ്ടാം ഘട്ടത്തില്‍ അഭിസംബോധന ചെയ്തതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സിനിമാ വ്യവസായ മേഖലയില്‍ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുന്നത് അടിയന്തിരമായി നടപ്പിലാക്കുക എന്നതില്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പ്രധാന ആവശ്യമായിരുന്നു ഇത്. മറ്റൊരു പ്രധാന ശുപാര്‍ശ, വനിതകള്‍ സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരുമായി വരുന്ന സിനിമകള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്നതായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ ക്രിയാത്മകമായ നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി സർക്കാർ ബഡ്ജറ്റ് നീക്കിവെച്ചു. വനിതകളുടെ വിഭാഗത്തിൽ രണ്ടും പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽ രണ്ടും സിനിമകൾക്ക് പരമാവധി ഒന്നരകോടി രൂപ നൽകാൻ സർക്കാർ തീരുമാനിച്ചു. നിലവിൽ സർക്കാരിന്റെ സഹായത്തോടെ നാല് സിനിമകൾ വനിതാ സംവിധായകരും സാങ്കേതിക പ്രവർത്തകരും ചേർന്ന് പുറത്തിറക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ സഹായത്താൽ നിർമിക്കുന്ന മറ്റു സിനിമകളുടെ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ ആദ്യ നായികയെ കല്ലെറിഞ്ഞ് ഓടിച്ചവരുടെ നാട്ടിൽ വനിതകളെ കൊണ്ട് സിനിമ നിർമിച്ച് പുറത്തിറക്കിയത് എടുത്തുപറയേണ്ട നേട്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ചലച്ചിത്ര വേദിയിൽ പോലും ഈ നേട്ടം ചർച്ചയായത് ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിനിമ-സീരിയൽ-ടെലിവിഷൻ രംഗത്തെ തർക്കങ്ങൾ പരിഹരിക്കുന്നതിനും ചൂഷണം തടയുന്നതിനും ഒരു ജുഡീഷ്യൽ ട്രൈബ്യൂണൽ രൂപീകരിക്കണം എന്നതായിരുന്നു റിപ്പോർട്ടിലെ മറ്റൊരു ശുപാർശ. കേരള സിനിമ റെഗുലേറ്ററി അതോറിറ്റി ബിൽ നടപ്പിലാക്കുന്നത് സംബന്ധിച്ച് സർക്കാർ പരിശോധന നടത്തി. വലിയ പ്രാഥമിക ചെലവും പ്രതിവർഷം ഗണ്യമായ ആവർത്തന ചെലവും വരുന്നതാണ് അതോറിറ്റിയുടെ രൂപീകരണം.
എന്നാൽ കേരള സിനി എംപ്ലോയീസ് ആന്റ് എംപ്ലോയീസ് റെഗുലേഷൻ ആക്ട് ഉണ്ടാക്കണമെന്നും ട്രൈബ്യൂണൽ രൂപീകരിക്കണമെന്നുമുള്ള കമ്മിറ്റിയുടെ ശുപാർശ സർക്കാർ ഗൗരവമായാണ് പരിഗണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
റിപ്പോർട്ടിൻ മേൽ സർക്കാർ കർശനമായ നിലപാട് സ്വീകരിക്കും. നിലവിലെ സാമ്പത്തിക സ്ഥിതി മോശമാണെങ്കിലും വിശദമായ ചർച്ചയ്ക്ക് ശേഷം തുടർ നടപടിയെടുക്കും. സമഗ്രമായ സിനിമാ നയം നടപ്പിലാക്കണമെന്നും കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. അതിനായി പ്രശസ്ത സംവിധായകൻ ഷാജി എൻ. കരണിന്റെ അധ്യക്ഷതയിൽ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിനിമാരംഗത്തെ വിവിധ മേഖലയിലുള്ളവരുടെ പ്രാതിനിധ്യം ഇതിൽ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒരു കോൺക്ലേവ് നടത്തുമെന്ന് സർക്കാർ ഇതിനോടകം പ്രഖ്യാപനം നടത്തിയിട്ടുണ്ട്. സിനിമയിലെ പ്രൊഡക്ഷൻ ബോയ് മുതൽ സംവിധായകൻ വരെ, സിനിമയുടെ പുറത്തും അണിയറയിലുമായി പ്രവർത്തിക്കുന്ന എല്ലാവരെയും പങ്കെടുപ്പിച്ചായിരിക്കും സിനിമാനയം രൂപീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുല്യമായ വേതനം എന്ന ആവശ്യം നടപ്പിലാക്കുന്നതിൽ പ്രായോഗികമായ തടസമുണ്ടാകും. ആവിഷ്ക്കാര സ്വാതന്ത്രത്തിനുമേൽ അനാവശ്യമായ മാർഗരേഖകൾ കൊണ്ടുവരുന്നത് സിനിമയ്ക്ക് ഹിതകരമാകുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിനിമാ മേഖലയിലെ മദ്യം, മയക്കുമരുന്ന്, ലൈംഗികാതിക്രമം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. റിപ്പോര്‍ട്ടിലെ മറ്റു ശുപാര്‍ശകളില്‍ ക്രമസമാധാന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്ക് നടപടിയെടുക്കാനും ഇടപെടാനും കഴിയുന്നുണ്ട്. ചിലര്‍ക്കുണ്ടായ തിക്താനുഭവങ്ങളെ മുന്‍നിര്‍ത്തി കേരളത്തിന്റെ 94 വര്‍ഷത്തെ സിനിമാ പൈതൃകത്തെ വിലയിരുത്തരുതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സിനിമയുടെ തിരക്കഥയില്‍ വില്ലന്മാരുണ്ടാകാം, എന്നാല്‍ സിനിമാ വ്യവസായത്തിനുള്ളില്‍ വില്ലന്മാരുണ്ടാകരുത്. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാര്‍ പുതിയ കാലത്തിന്റെ പ്രതിനിധികളാണ്. സിനിമയിലെ അനാവശ്യമായ വിലക്ക് കൊണ്ട് ആര്‍ക്കും ആരെയും ഇല്ലാതാക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നതില്‍ സര്‍ക്കാരിന് പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. സര്‍ക്കാരിന്റെ നിലപാട് ബന്ധപ്പെട്ട മന്ത്രിയടക്കം പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രസ്തുത റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് 2020ല്‍ ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നതായി മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ സ്വകാര്യതയെ ബാധിക്കുന്നതാണെന്നും തങ്ങളിലുള്ള വിശ്വാസം കൊണ്ടാണ് സിനിമാ രംഗത്തുള്ളവര്‍ മൊഴി നല്‍കിയതെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാരണം കൊണ്ടാണ് പ്രൊഫഷണല്‍ ടൈപ്പിങ് അറിയാതിരുന്നിട്ടും കമ്മിറ്റി അംഗങ്ങള്‍ തന്നെ മൊഴികള്‍ ടൈപ്പ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസെടുത്ത് അന്വേഷിക്കണമെന്ന് കമ്മിറ്റി ശുപാര്‍ശ നല്‍കിയിട്ടില്ലെന്നും 2020ല്‍ വിവരാവകാശ കമ്മീഷനും റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും സര്‍ക്കാരിനോട് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നടിയെ ആക്രമിച്ച കേസിലെ സര്‍ക്കാര്‍ നിലപാട് നേരത്തെ തെളിയിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതികളില്‍ സംവിധായകനും പ്രമുഖ നടനെതിരെയും കേസ് എടുത്തിട്ടുണ്ട്. മൊഴി നല്‍കിയ ആരെങ്കിലും പരാതിയുമായി വന്നാല്‍ എത്ര ഉന്നതരായാലും നടപടിയെടുക്കും. ഒരു രീതിയിലും ഉണ്ടാകാന്‍ പാടില്ലാത്ത അപജയങ്ങള്‍ സിനിമാ മേഖലയില്‍ ഉണ്ടായിട്ടുണ്ട്, അതില്‍ പരിഹാരം കാണേണ്ടതുണ്ട്. അതിന് തന്നെയാണ് കമ്മിറ്റിയെ നിയോഗിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Content Highlight: Chief Minister Pinarayi Vijayan responded after the release of the Hema Committee report