തിരുവനന്തപുരം: കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമമായ അഫ്‌സ്പ കണ്ണൂരില്‍ നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്നാണ് മറുപടിയില്‍ മുഖ്യമന്ത്രി പറയുന്നത്.
കണ്ണൂരില്‍ അഫ്‌സ്പ നടപ്പിലാക്കുന്നത് പ്രായോഗികമല്ല. അതിന് സി.ആര്‍.പി.സിയില്‍ കൃത്യമായ വ്യവസ്ഥയുണ്ട്. എല്‍.ഡി.എഫ് വന്ന ശേഷം 14 പേര്‍ കൊല്ലപ്പെട്ടന്ന വാദം തെറ്റാണ്.
കണ്ണൂരിലെ സമാധാന ശ്രമങ്ങള്‍ നല്ലനിലയില്‍ നടക്കുന്നുണ്ട്. ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ 2 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറുപടിയില്‍ മുഖ്യമന്ത്രി ഗവര്‍ണറോട് പറഞ്ഞു.
ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ബിജു കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ അഫ്സ്പ (ആംഡ് ഫോഴ്സ് സ്പെഷ്യല്‍ പവേഴ്സ് ആക്റ്റ്) പ്രയോഗിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. പയ്യന്നൂരിലെ സി.പി.ഐ.എം പ്രവര്‍ത്തകന്‍ ധന്‍രാജിന്റെ കൊലപാതകത്തിലെ പ്രതിയായ ബിജുവായിരുന്നു കൊല്ലപ്പെട്ടത്.
കണ്ണൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ കേരള ഹൗസിനു മുന്‍പില്‍ നടത്തിയ പ്രതിഷേധത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. പദവിയോടു ഗവര്‍ണര്‍ അല്‍പ്പമെങ്കിലും മര്യാദ കാണിക്കണമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ വാക്കുകള്‍.