| Thursday, 6th October 2022, 8:23 pm

സംഘപരിവാറിന്റെ ജനസംഖ്യാ നുണയുടെ ലക്ഷ്യം തെരഞ്ഞെടുപ്പുകള്‍; മോഹന്‍ ഭഗവതിന്റെ വിദ്വേഷ പ്രചരണത്തെ കണക്കുകള്‍കൊണ്ട് ഖണ്ഡിച്ച് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്യത്തെ ജനസംഖ്യയില്‍ മതാടിസ്ഥാനത്തില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നുവെന്ന ആര്‍.എസ്.എസ് മേധാവിയുടെ പ്രസ്താവന വംശീയ വിരോധത്തിന്റെ കൂടു തുറന്നുവിടാനുള്ള ആസൂത്രിത നീക്കങ്ങളിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വസ്തുതയ്ക്ക് നിരക്കുന്നതോ കണക്കുകളുടെ പിന്‍ബലമുള്ളതോ അല്ല ഈ പ്രചാരണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ഹിന്ദുക്കള്‍ സമീപ ഭാവിയില്‍ ന്യൂനപക്ഷമായി മാറുമെന്ന നുണ സംഘപരിവാര്‍ വര്‍ഷങ്ങളായി പ്രചരിപ്പിക്കുകയാണ്. ആ ആയുധം വീണ്ടും പൊടിതട്ടിയെടുക്കുകയാണ് ആര്‍.എസ്.എസ്.
‘ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റി’നെ(TFR) ബന്ധപ്പെടുത്തിയാണ് ജനസംഖ്യാ വര്‍ധനവ് കണക്കാക്കുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ രാജ്യത്തെ മറ്റ് മതങ്ങളെ അപേക്ഷിച്ച് മുസ്‌ലിം സമുദായത്തിലെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് കുറയുന്നതായാണ് കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട 2019-21 ലെ ദേശീയ കുടുംബാരോഗ്യ സര്‍വേ (NFHS -5) യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സര്‍വേപ്രകാരം ഹിന്ദു, മുസ്‌ലിം സമുദായങ്ങളിലെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് യഥാക്രമം 1.9 ഉം 2.3 ഉം ആണ്. വ്യത്യാസം വെറും 0.4 മാത്രമാണ്. മുസ്‌ലിം സമുദായത്തിലെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് 2015-16 ല്‍ 2.6 ആയിരുന്നത് 2019-21 ല്‍ 2.3 ആയി കുറഞ്ഞു. 1992-93 ല്‍ ഇത് 4.4 ആയിരുന്നു. ഇരുപതുവര്‍ഷങ്ങള്‍ക്കിടെ ഫെര്‍ട്ടിലിറ്റി നിരക്കിന്റെ കാര്യത്തില്‍ 41.2 ശതമാനത്തിന്റെ കുറവാണ് ഹിന്ദു സമുദായത്തിലുണ്ടായതെങ്കില്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ 46.5 ശതമാനമാണ് കുറവുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെന്‍സസ് കണക്കുപ്രകാരം ഹിന്ദു ജനസംഖ്യാ വര്‍ധനവില്‍ 3.1 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്. എന്നാല്‍ മുസ്‌ലിം ജനസംഖ്യാ വര്‍ധനവില്‍ 4.7 ശതമാനം ഇടിവാണ് ഉണ്ടായത്. പൊതുമധ്യത്തില്‍ ഇത്തരം കണക്കുകള്‍ ലഭ്യമായിരിക്കുമ്പോഴാണ് ആര്‍.എസ്.എസ് തെറ്റായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് വര്‍ഗീയത പരത്തുന്നത്. മതാടിസ്ഥാനത്തില്‍ പൗരത്വത്തെ നിര്‍വചിക്കുന്ന പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ട്.

ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള ഇത്തരം നീക്കങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ആര്‍.എസ്.എസ് മേധാവിയുടെ വിജയദശമി ദിനത്തിലെ പ്രസംഗം.

സംഘപരിവാറിന്റെ ജനസംഖ്യാ നുണയുടെ ലക്ഷ്യം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളാണ്. വിദ്വേഷരാഷ്ട്രീയം വളര്‍ത്തി തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനുള്ള ഈ വിപത്കരമായ നീക്കം മതനിരപേക്ഷ സമൂഹം തിരിച്ചറിയേണ്ടതുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

CONTENT HIGHLIGHTS:  Chief Minister Pinarayi Vijayan refuted Mohan Bhagwat’s hate propaganda with figures

We use cookies to give you the best possible experience. Learn more