സിസോദിയയുടെ അറസ്റ്റ് സംസ്ഥാനങ്ങളെ അലോസരപ്പെടുത്താനുള്ള കേന്ദ്ര ശ്രമം: പിണറായി വിജയന്‍
Kerala News
സിസോദിയയുടെ അറസ്റ്റ് സംസ്ഥാനങ്ങളെ അലോസരപ്പെടുത്താനുള്ള കേന്ദ്ര ശ്രമം: പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th February 2023, 4:51 pm

തിരുവനന്തപുരം: ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടിനെതിരെയുള്ള ജനരോഷത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സി.ബി.ഐ ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള അധികാര ദുര്‍വിനിയോഗങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികളുടെ ശബ്ദം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്തുക സംഘപരിവാറിന്റെ സഹജസ്വഭാവമാണ്. അത്തരം ശ്രമങ്ങളിലെ ഏറ്റവും പുതിയ അധ്യായമാണ് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റ്. സി.ബി.ഐ ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ അലോസരപ്പെടുത്താനാണ് ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുക എന്നതിനര്‍ത്ഥം ജനാധിപത്യത്തെ തന്നെ അപ്രസക്തമാക്കുക എന്നതാണ്.

സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടിനെതിരെ രാജ്യവ്യാപകമായി അസംതൃപ്തി ഉയരുകയാണ്. ആ ജനരോഷത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനും കുതന്ത്രങ്ങളെ ആശ്രയിക്കുന്നു.

അത്തരമൊരു കുതന്ത്രം കൂടിയാണ് സിസോദിയയുടെ അറസ്റ്റ് എന്ന് കരുതേണ്ടിയിരിക്കുന്നു. ഇത്തരം അധികാര ദുര്‍വിനിയോഗങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികളുടെ ശബ്ദം ഉയരണം. നമ്മുടെ രാജ്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറയ്ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ ശക്തമായി അപലപിക്കപ്പെടണം,’ മുഖ്യമന്ത്രി പറഞ്ഞു.

എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഞായറാഴ്ച രാത്രി 7.15 ഓടെയാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഉപമുഖ്യമന്ത്രിയായതുകൊണ്ട് തന്നെ കേന്ദ്രത്തിന്റെയും മറ്റ് സി.ബി.ഐ ഉന്നത ഉദ്യോഗസ്ഥരുടെയും സമ്മതം വാങ്ങിയതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.

പുതിയ മദ്യനയത്തിന്റെ ഭാഗമായി ലൈസന്‍സ് കിട്ടാന്‍ സിസോദിയയുടെ അടുപ്പക്കാര്‍ മദ്യ വ്യാപാരികളില്‍ നിന്നും കോടികള്‍ കോഴ വാങ്ങി എന്നാണ് കേസ്. സിസോദിയ ഉള്‍പ്പെടെ 14 പേരാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍.