തിരുവനന്തപുരം: ബി.ജെ.പി നേതാക്കളുടെ പ്രവാചകവിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയ്ക്ക് ഏവരും ആദരവോടെ കാണുന്ന നമ്മുടെ രാജ്യത്തെ ലോകത്തിനുമുന്നില്‍ നാണം കെടുത്തുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ് സംഘപരിവാര്‍ ശക്തികളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതില്‍ ഏറ്റവും പുതിയ അദ്ധ്യായമാണ് കഴിഞ്ഞ ദിവസം ബിജെപി വക്താക്കളില്‍ നിന്നും പ്രവാചകനെതിരെയുണ്ടായ വര്‍ഗീയവിഷം ചീറ്റുന്ന അധിക്ഷേപ പ്രസ്താവനകളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റ്‌ലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
മുസ്‌ലിം സമൂഹത്തെ അപരവല്‍ക്കരിക്കുന്ന ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയം നാടിന്റെ സാമൂഹിക ഭദ്രത മാത്രമല്ല, സാമ്പത്തിക കെട്ടുറപ്പുകൂടി ഇല്ലാതാക്കുകയാണ്. അവരുടെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങള്‍ സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ക്കുപുറമേയാണ് ഇത്. അനേക ലക്ഷം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കുകയും നമ്മുടെ സമ്പദ് വ്യവസ്ഥയിലും പുരോഗതിയിലും നിര്‍ണായക സംഭാവനകള്‍ നല്‍കുകയും ചെയ്യുന്ന നിരവധി ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ ബി.ജെ.പിയുടേയും സംഘപരിവാറിന്റേയും വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ശക്തമായ ശബ്ദമുയര്‍ത്താന്‍ ഇടയായിരിക്കുന്നു. ഇന്ത്യയോട് വളരെ സൗഹാര്‍ദപൂര്‍വമായ ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങളാണ് ഇവയെല്ലാം. പ്രവാചകനെതിരായ അധിക്ഷേപം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.