സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടി; ഷാജഹാന്റെ കൊലപാതകത്തില്‍ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി
Kerala News
സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടി; ഷാജഹാന്റെ കൊലപാതകത്തില്‍ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th August 2022, 7:38 pm

തിരുവനന്തപുരം: പാലക്കാട് സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

‘പാലക്കാട് മരുതറോഡ് സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. ഷാജഹാന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കും. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്,’ മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

അതേസമയം, ഷാജഹാനെ വെട്ടിക്കൊന്ന സംഭവത്തില്‍ ‘എല്ലാം ബി.ജെ.പിയുടെ തലയില്‍ ഇടാന്‍ കഴിയുമോ?’ എന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പരാമര്‍ശത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. സി.പി.ഐ.എം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാനാണ് സാധാരണ ശ്രമിക്കാറെന്നും സുധാകരന്‍ പൊതുവായി പറഞ്ഞതാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍ ഗൗരവമായി അന്വേഷിക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. ‘അന്വേഷണം നടക്കട്ടെ. പൊലീസ് അന്വേഷണത്തിനിടെ അഭിപ്രായം പറയുമ്പോള്‍ അത് അന്വേഷണത്തെ ബാധിക്കും. എല്ലാ അക്രമപ്രവര്‍ത്തനങ്ങളിലും സി.പി.ഐ.എമ്മിന് പങ്കുണ്ട്. പൊലീസിനെ നിര്‍വീര്യമാക്കിയത് സി.പി.ഐ.എമ്മാണ്,’സതീശന്‍ പറഞ്ഞു.

ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് കെ. സുധാകരന്‍ പറഞ്ഞിരുന്നു. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് കരുതി എല്ലാം ബി.ജെ.പിയുടെ തലയില്‍ ഇടാന്‍ കഴിയുമോ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഷാജഹാനെ കൊലപ്പെടുത്തിയ അക്രമികള്‍ പാര്‍ട്ടി അംഗങ്ങള്‍ എന്ന് ദൃക്സാക്ഷി പറയുമ്പോള്‍ ഉത്തരവാദിത്തതില്‍ നിന്ന് സി.പി.ഐ.എമ്മിന് എങ്ങനെ ഒഴിയാനാകും. സംസ്ഥാന സര്‍ക്കാരിന്റെ കയ്യിലുള്ളതിനേക്കാള്‍ ആയുധശേഖരം സി.പി.ഐ.എമ്മിനുണ്ട്. അക്രമികള്‍ പാര്‍ട്ടി അംഗങ്ങളല്ലെന്ന് പറയുന്ന സി.പി.ഐ.എം നേതാക്കള തിരുത്തുന്നത് പാര്‍ട്ടിക്കാര്‍ തന്നെയാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു.