തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ലഭിച്ച മറുപടിയില്‍ വളരെ സന്തോഷമുണ്ടെന്ന് അവര്‍ പ്രതികരിച്ചു. വലിയൊരു ഉറപ്പാണ് അദ്ദേഹം നല്‍കിയതെന്നും അതില്‍ താന്‍ തൃപ്തയുമാണെന്നും നടി അറിയിച്ചു.
സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പുതന്നതായും അദ്ദേഹത്തെ കാര്യങ്ങള്‍ കൃത്യമായി ധരിപ്പിക്കാന്‍ സാധിച്ചതായും അതിജീവിത പ്രതികരിച്ചു. സത്യാവസ്ഥ പുറത്തുവരണമെന്നും മന്ത്രിമാരുടെ വിമര്‍ശനത്തില്‍ ഒന്നും പറയാനില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മൂന്ന് പേജുള്ള പരാതി മുഖ്യമന്ത്രിക്ക് കൈമാറിയതായും നടി പറഞ്ഞു. മുഖ്യമന്ത്രിയുമായി സെക്രട്ടറിയേറ്റില്‍ കൂടിക്കാഴച നടത്തി ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് നടിയുടെ പ്രതികരണം.
കേസിലെ ചില ആശങ്കകൾ കോടതിയിൽ ഉന്നയിക്കുകയായിരുന്നു. അത് സർക്കാരിനെതിരെ എന്ന നിലയിൽ കൺവേ ചെയ്യപ്പെട്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും അതിജീവിത പറഞ്ഞു.
ഭാഗ്യലക്ഷ്മിക്കൊപ്പം സെക്രട്ടറിയേറ്റിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. പത്ത് മിനിട്ടോളം മുഖ്യമന്ത്രിയുമായി സംസാരിച്ചു.
കേസന്വേഷണം സംബന്ധിച്ച ആശങ്കകള്‍ മുഖ്യമന്ത്രിയുമായി നടി പങ്കുവെച്ചു. ഇതിനിടെ, ഡി.ജി.പി, എ.ഡി.ജി.പി മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. അവരില്‍നിന്ന് കേസിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞു.
CONTENET HIGFHLIGHTS: chief Minister Pinarayi Vijayan met Surviviver in connection with the attack on the actress