മലപ്പുറം: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം ആദ്യം വിളിച്ചത് അസിമുള്ള ഖാന്‍ ആണെന്നും മുസ്‌ലിം വിദ്വേഷത്താല്‍ സംഘപരിവാര്‍ ഇത് ഒഴിവാക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ബഹുജന പ്രതിഷേധ റാലി മലപ്പുറം ബൈപ്പാസിന് സമീപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മലപ്പുറം വാരിയംകുന്നത്തിന്റെ നാടാണ്. ഇന്ത്യയുടെ വികസനത്തിനായി മുസ്‌ലിം സാമൂഹിക പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും വഹിച്ച പങ്ക് വലുതാണ്. രാജ്യത്തിന്റെ സാംസ്‌കാരിക ചരിത്രം ഇല്ലാതാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്,’ എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സാരേ ജഹാം സെ അച്ഛാ എന്ന് ആദ്യം പാടിയത് മുഹമ്മദ് ഇഖ്ബാലാണ് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സംഘപരിവാറിന്റെ വര്‍ഗീയ ലക്ഷ്യങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ എല്‍.ഡി.എഫ് സര്‍ക്കാരുണ്ടാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
‘ന്യൂനപക്ഷങ്ങളുടെ അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. എന്നാല്‍ സി.എ.എ നടപ്പിലാക്കുന്നതിലൂടെ മുസ്‌ലിങ്ങളുടെ പൗരാവകാശം എടുത്തുകളയാനുള്ള നീക്കമാണ് നടക്കുന്നത്. അതിനുള്ള ഉപകരണങ്ങളാണ് പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും തുടങ്ങിയവ. സംഘപരിവാറിനെതിരായ പോരാട്ടം അതിശക്തമായി നമുക്ക് തുടരാനാകണം,’ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആര്‍.എസ്.എസ് നടപ്പാക്കുന്നത് ഹിറ്റ്ലറുടെ ആശയമാണ്. മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളുമാണ് തങ്ങളുടെ ആഭ്യന്തര ശത്രുക്കളെന്ന് ആര്‍.എസ്.എസ് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂതരെ ഹിറ്റ്ലര്‍ കൊലപ്പെടുത്തിയപ്പോള്‍ ലോകത്ത് അപലപിക്കാതിരുന്നത് ആര്‍.എസ്.എസ് മാത്രമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Content Highlight: Chief Minister Pinarayi Vijayan lashed out against BJP