വിദ്യാര്‍ത്ഥികളുടെ അറസ്റ്റിനെ ന്യായീകരിച്ച് മുഖ്യമന്ത്രി; പുസ്തകങ്ങളും ലഘുലേഖകളും പിടിച്ചെടുത്തു; യു.എ.പി.എ നിയമം ദുരുപയോഗം ചെയ്യാന്‍ സമ്മതിക്കില്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: കോഴിക്കോട് വിദ്യാര്‍ത്ഥികളായ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തതിനെ ന്യായീകരിച്ചും യു.എ.പി.എ ചുമത്തിയതിനെ എതിര്‍ത്തും മുഖ്യമന്ത്രി .
നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് നിയമസഭയില്‍ നിന്ന് മറുപടി പറയുകയായിരുന്നു അദ്ദേഹം. യു.എ.പി.എ നിയമം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും കോഴിക്കോട് കേസില്‍ വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
അറസ്റ്റിലായ താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയെന്നും വീട്ടില്‍ നിന്ന് ലഘുലേഖകളും പുസ്തകങ്ങളും പിടികൂടി, അലന്റെ വീട്ടില്‍ നിന്ന് നോട്ടീസ് പിടികൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സിപി.ഐ.എമ്മും, സി.പി.ഐയും, പ്രതിപക്ഷവും, സാംസ്‌കാരിക പ്രവര്‍ത്തകരുമെല്ലാം യു.എ.പി.എ വിവാദത്തില്‍ എതിര്‍പ്പറിയിച്ചതോടെ ഇന്നലെ മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരണമറിയിച്ചിരുന്നു.
എന്നാല്‍ പൊലീസ് നടപടിയെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടുമുണ്ടായിരുന്നില്ല. യു.എ.പി.എ പൊലീസ് ചുമത്തിയാല്‍ മാത്രം നടപ്പിലാകില്ല എന്നും ജുഡീഷ്യല്‍ സമിതിയും,സര്‍ക്കാരും അംഗീകരിക്കണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
യു.എ.പി.എക്ക് തെളിവുണ്ടോ എന്ന് കണ്ടെത്തി സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹറ ഇന്നലെ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.