| Wednesday, 2nd March 2022, 6:40 pm

റഷ്യ വഴി വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ അടിയന്തര ഇടപെടല്‍ വേണം; മോദിക്ക് കത്തയച്ച് പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഉക്രൈനിലെ യുദ്ധമേഖലയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ റഷ്യ വഴി സുരക്ഷിതമായി പുറത്തെത്തിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് പുറത്തുകടക്കാന്‍ മാനുഷിക പരിഗണന മുന്‍നിര്‍ത്തി സുരക്ഷിത പാത(Humanitarian Corridor) ഒരുക്കുന്നതിന് പ്രധാനമന്ത്രി റഷ്യന്‍ നേതൃത്വവുമായി അടിയന്തരമായി ഇടപെടണം. കുടുങ്ങി കിടക്കുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാരുകളുടെയും റെഡ്‌ക്രോസ് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുടെയും സഹകരണം ഉറപ്പുവരുത്തണമെന്നും മഖ്യമന്ത്രി കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

ഒഴിപ്പിക്കല്‍ നടപടികള്‍ പ്രധാനമായും കീവ് ഉള്‍പ്പെടെയുള്ള യുക്രൈനിലെ പടിഞ്ഞാറന്‍ മേഖലകളിലാണ് ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ കാര്‍ക്കീവ്, സുമി തുടങ്ങിയ ഉക്രൈനിലെ കിഴക്കന്‍ മേഖലകളില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. അവിടങ്ങളില്‍ യുദ്ധം തീവ്രമായിട്ടുണ്ട്. ഇരു നഗരങ്ങളിലും ബോംബിങ്ങും ഷെല്ലിങ്ങും രൂക്ഷമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്നില്ല. അതിന്റെ അഭാവത്തില്‍ പല വിദ്യാര്‍ത്ഥികളും സ്വന്തം നിലയ്ക്ക് പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങാന്‍ ശ്രമിക്കുന്നുണ്ട്. ഇതവരുടെ ജീവനു വലിയ വെല്ലുവിളിയാണ് ഉയരുന്നതെന്നു മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

ബങ്കറുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭ്യമാക്കണമെന്നും കിഴക്കന്‍ മേഖലകളിലുള്ളവരെ റഷ്യയിലൂടെ ഒഴിപ്പിക്കുന്നതിന് അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഫെബ്രുവരി 27ന് മുഖ്യമന്ത്രി അയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായ കേന്ദ്രസര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് നന്ദി അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അതിലൂടെ 244 വിദ്യാര്‍ത്ഥികളാണ് ഇതുവരെ കേരളത്തിലേക്ക് മടങ്ങിയെത്തിയത്. ഉക്രൈനില്‍ ഇപ്പോഴും അകപ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുമായി ബന്ധപ്പെടുന്നുണ്ട്. എത്രയും പെട്ടെന്ന് അവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതായി അവര്‍ക്ക് ഉറപ്പു നല്‍കുന്നുണ്ടെന്നും കത്തിലൂടെ അറിയിച്ചു.

CONTENT HIGHLIGHTS:  Chief Minister Pinarayi Vijayan has written a letter to Prime Minister Narendra Modi urging him to take immediate action to evacuate students trapped in war zones in Ukraine through Russia.

We use cookies to give you the best possible experience. Learn more