| Tuesday, 30th November 2021, 8:00 pm

സര്‍ക്കാരുമായി സഹകരിക്കാത്തവര്‍ക്ക് ഇനി സൗജന്യ ചികിത്സയില്ല; നിര്‍ദേശങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍തിതനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചൊവ്വാഴ്ച ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

‘വാക്‌സിന്‍ സ്വീകരിക്കാതെ കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കില്ല. രോഗങ്ങള്‍, അലര്‍ജി മുതലായവ കൊണ്ട് വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കണം,’ കുറിപ്പില്‍ പറയുന്നു.

സ്‌കൂളിലും കോളേജിലും എത്തുന്ന വിദ്യാര്‍ത്ഥികളെ സുരക്ഷയെ കരുതി വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരിലും ജീവനക്കാരിലും രോഗങ്ങള്‍, അലര്‍ജി മുതലായ ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അല്ലാത്തവര്‍ വാക്‌സിന്‍ സ്വീകരിച്ച് ഹാജരാവുകയോ ആഴ്ച തോറും സ്വന്തം ചെലവില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി ഫലം സമര്‍പ്പിക്കുകയോ ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഫീസുകളിലും പൊതു ജനസമ്പര്‍ക്കമുള്ള ഇടങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും ഇത് ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒമിക്രോണ്‍ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത ശക്തിപ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് വിമാനത്താവളങ്ങളില്‍ എത്തുന്നവരുടെ യാത്രാചരിത്രം കര്‍ശനമായി പരിശോധിക്കണമെന്നും, പ്രഖ്യാപിച്ച പ്രോട്ടോക്കോള്‍ വീഴ്ചവരുത്താതെ കൃത്യമായി പാലിക്കാന്‍ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവരെ കണ്ടെത്തി വാക്‌സിനേഷന്‍ നല്‍കാനുള്ള നടപടികള്‍ തദ്ദേശസ്വയംഭരണ പ്രതിനിധികള്‍ കൈക്കൊള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘രണ്ടാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്തി തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ ഗൗരവമായി ഇടപെടണം. ഡിസംബര്‍ ഒന്ന് മുതല്‍ പതിനഞ്ച് വരെ പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശംനല്‍കി. ഇതിന് അനുസൃതമായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി,’ മുഖ്യമന്ത്രി കുറിപ്പില്‍ പറഞ്ഞു.

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്തി പഠിക്കാനുള്ള അനുമതി നല്‍കാന്‍ അവലോകന യോഗത്തില്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ പ്രവര്‍ത്തി സമയത്തില്‍ തത്കാലം മാറ്റം വരുത്തില്ലെന്നും, പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കൊവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് ഇനി മുതല്‍ സൗജന്യ ചികിത്സ നല്‍കേണ്ടതില്ലെന്ന് കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. വാക്‌സിന്‍ സ്വീകരിക്കാതെ കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കില്ല. രോഗങ്ങള്‍, അലര്‍ജി മുതലായവ കൊണ്ട് വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കണം.

വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരിലും ജീവനക്കാരിലും രോഗങ്ങള്‍, അലര്‍ജി മുതലായ ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവര്‍ വാക്‌സിന്‍ സ്വീകരിച്ച് ഹാജരാവുകയോ ആഴ്ച തോറും സ്വന്തം ചിലവില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി ഫലം സമര്‍പ്പിക്കുകയോ ചെയ്യണം. സ്‌കൂളുകളിലും കോളേജുകളിലും പോകുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണിത്.

ഓഫീസുകളിലും പൊതു ജനസമ്പര്‍ക്കമുള്ള ഇടങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും ഇത് ബാധകമാണ്.

ഒമിക്രോണ്‍ കോവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു. വിദേശത്ത് നിന്ന് വിമാനത്താവളങ്ങളില്‍ എത്തുന്നവരുടെ യാത്രാചരിത്രം കര്‍ശനമായി പരിശോധിക്കണം. പ്രഖ്യാപിച്ച പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കാന്‍ നടപടിയെടുക്കണം. അതില്‍ വിട്ട് വീഴ്ചയുണ്ടാകരുത്.

രണ്ടാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്തി തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ ഗൗരവമായി ഇടപെടണം. ഡിസംബര്‍ ഒന്ന് മുതല്‍ പതിനഞ്ച് വരെ പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഇതിന് അനുസൃതമായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌കൂളുകളിലെത്തി പഠിക്കാന്‍ അനുമതി നല്‍കും. സ്‌കൂള്‍ പ്രവര്‍ത്തി സമയത്തില്‍ തല്‍ക്കാലം മാറ്റമില്ല. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Chief Minister Pinarayi Vijayan has said that free treatment will not be given to those who do not co-operate with the government in Covid prevention activities

Latest Stories

We use cookies to give you the best possible experience. Learn more