ഗുരുവിന്റെ ആശയങ്ങള്‍ അവിടെ എത്തിയിരുന്നെങ്കില്‍ ഫലസ്തീനില്‍ ചോരപ്പുഴ ഒഴുകില്ലായിരുന്നു: പിണറായി വിജയന്‍
Kerala News
ഗുരുവിന്റെ ആശയങ്ങള്‍ അവിടെ എത്തിയിരുന്നെങ്കില്‍ ഫലസ്തീനില്‍ ചോരപ്പുഴ ഒഴുകില്ലായിരുന്നു: പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th December 2023, 4:31 pm

തിരുവനന്തപുരം: ഇസ്രഈല്‍ ഫലസ്തീനില്‍ നടത്തുന്ന വിവേചനപരമായ ആക്രമണങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളും ദര്‍ശനങ്ങളും ഗസയില്‍ എത്തിയിരുന്നെങ്കില്‍ ഫലസ്തീനില്‍ ചോരപ്പുഴ ഒഴുകില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമാധാനത്തിന്റെ സന്ദേശം നല്‍കുന്ന ക്രിസ്മസ്, ഇസ്രഈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഫലസ്തീനികള്‍ക്ക് ആഘോഷിക്കാന്‍ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 91ാംമത് ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യേശു ജനിച്ച മണ്ണില്‍ തന്നെ സമാധാനം മുങ്ങിമരിക്കുന്നുവെന്നും കുഞ്ഞുങ്ങള്‍ വരെ ജെറുസലേമില്‍ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണങ്ങളില്‍ പിടഞ്ഞുവീണ് മരിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഈ വര്‍ഷം ബെത്‌ലഹേമില്‍ ക്രിസ്മസ് ആഘോഷങ്ങളും വിളക്കുകളും നക്ഷത്രങ്ങളും ഉണ്ടായിരുന്നില്ലെന്നും ആദ്യമായിട്ടായിരിക്കും ആഘോഷങ്ങള്‍ ഇല്ലാത്ത ഒരു ക്രിസ്മസിനെ ഫലസ്തീനികള്‍ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എങ്ങനെയാണ് ഫലസ്തീനികള്‍ക്ക് ക്രിസ്മസ് ആഘോഷിക്കാന്‍ കഴിയുക എന്ന ചോദ്യവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തി. അത്തരത്തില്‍ മനുഷ്യത്വ രഹിതമായ ആക്രമണങ്ങളാണ് ഇസ്രഈല്‍ ഭരണകൂടം ഗസയില്‍ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗസയിലെ ഒരു വിഭാഗം ജനതയെ ഇസ്രഈല്‍ സൈന്യം ഇല്ലാതാക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഗുരുവിന്റെ സന്ദേശങ്ങളുടെ വെളിച്ചം ഗസയില്‍ എത്തിയിരുന്നെങ്കില്‍ ഇത്തരത്തിലുള്ള അവസ്ഥകള്‍ ഉണ്ടാവില്ലായിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

ശിവഗിരിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേരള സഹകരണ മന്ത്രി വി.എന്‍. വാസവന്‍, ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ്, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു.

Content Highlight: Chief Minister Pinarayi Vijayan has responded to Israel’s discriminatory attacks on Palestine