| Sunday, 17th April 2022, 8:32 pm

മനുഷ്യമനസാക്ഷിക്ക് നിരക്കാത്ത നിഷ്ഠൂര കൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സര്‍ക്കാര്‍ സ്വീകരിക്കും: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാലക്കാട് എസ്.ഡി.പി.ഐ – ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യമനസാക്ഷിക്ക് നിരക്കാത്ത തീര്‍ത്തും അപലപനീയമായ ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് പാലക്കാട്ട് സംഭവിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

‘കൊവിഡ് പ്രതിസന്ധികള്‍ മറികടന്ന് നാടിന്റെ പുരോഗതിയ്ക്കും ശോഭനമായ ഭാവിക്കുമായി കേരളം ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ് സമാധാനാന്തരീക്ഷം തകര്‍ക്കുക എന്ന ദുഷ്ടലാക്കോടെ നടത്തിയ ഈ കൊലപാതകങ്ങള്‍.

നാടിന്റെ നന്മയ്ക്ക് വിഘാതം സൃഷ്ടിക്കാനായി നടത്തിയ ഈ നിഷ്ഠൂര കൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകും. അവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും. അതിനുള്ള നിര്‍ദേശം പൊലീസിന് നല്‍കിയിട്ടുണ്ട്,’ മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ പുലരുന്ന സാഹോദര്യവും സമാധാനവും ഇല്ലാതാക്കാന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്നും ജനങ്ങളെ ചേര്‍ത്തു നിര്‍ത്തി അത്തരം ശ്രമങ്ങള്‍ക്കെതിരെ നിശ്ചയദാര്‍ഢ്യത്തോടെ നിലയുറപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘വര്‍ഗീയതയുടെയും സങ്കുചിതത്വത്തിന്റെയും വിഷവുമായി നാടിനെ അസ്വസ്ഥമാക്കുന്ന ഇത്തരം ശക്തികളെ തിരിച്ചറിഞ്ഞ് അകറ്റി നിര്‍ത്തണമെന്ന് ജനങ്ങളോടഭ്യര്‍ത്ഥിക്കുന്നു.

പ്രകോപനനീക്കങ്ങളിലും കിംവദന്തികളിലും വശംവദരാകാതെ സമാധാനവും സൗഹാര്‍ദവും സംരക്ഷിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം,’ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.

അതേസമയം, ആഭ്യന്തരവകുപ്പിനേയും പിണറായി വിജയനേയും വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ രംഗത്തെത്തിയിരുന്നു.

നാണവും മാനവും രാഷ്ട്രീയ ധാര്‍മികതയും ഉണ്ടെങ്കില്‍ ഇനിയും കടിച്ചു തൂങ്ങിക്കിടക്കാതെ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്നും അതിന് മടി കാണിച്ചാല്‍ ആഭ്യന്തരമന്ത്രിയെ മാറ്റാനുള്ള ധൈര്യം സി.പി.ഐ.എം കാണിക്കണമെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്.

പെറ്റിയടിക്കാനും കുറ്റിയടിക്കാനും മാത്രമായി കേരള പോലീസിനെ ഭരണകൂടം അധ:പതിപ്പിച്ചിരിക്കുന്നുവെന്നും ഒരു വകുപ്പ് പോലും നേരേ ചൊവ്വേ ഭരിക്കാനറിയാത്ത മനുഷ്യനെയാണ് കോടികള്‍ മുടക്കി പരസ്യം ചെയ്ത് കഴിവുള്ളവനാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതെന്നും സുധാകന്‍ കൂട്ടിച്ചേര്‍ത്തു.

Content highlight:  Chief Minister Pinarayi Vijayan has condemned the killing of SDPI-RSS workers in Palakkad.

We use cookies to give you the best possible experience. Learn more