പിണറായി വിജയന്‍ സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ; കേരളത്തിന്റെ സ്ഥിതി ഭയാനകം: കെ.കെ. രമ
Kerala News
പിണറായി വിജയന്‍ സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ; കേരളത്തിന്റെ സ്ഥിതി ഭയാനകം: കെ.കെ. രമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th June 2022, 3:07 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെ.കെ. രമ എം.എല്‍.എ. സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയായി മാറിയിരിക്കുകയാണ് പിണറായി വിജയനെന്ന് രമ പറഞ്ഞു.

മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളില്‍ നിന്ന് ജനങ്ങളെ മുഴുവന്‍ ഒഴിപ്പിക്കുന്നത്രയും പരിഹാസ്യമായ ഭീരുത്വം കേരളം ഇതിന് മുമ്പ് എന്നെങ്കിലും കണ്ടിട്ടുണ്ടോയെന്നും പിണറായി വിജയന്റെ സാന്നിധ്യമുള്ളതിന്റെ നിശ്ചിത കിലോമീറ്റര്‍ ചുറ്റളവില്‍ കറുപ്പ് നിറത്തിന് പോലും നിരോധനം വരുന്നുവെന്ന സ്ഥിതി എന്തുമാത്രം ഭയാനകമാണെന്നും കെ.കെ. രമ ചോദിച്ചു.

‘മാധ്യമ പ്രവര്‍ത്തകരുടെ പോലും കറുത്ത മാസ്‌ക്ക് വലിച്ചൂരുകയാണ് പൊലീസ്. മുഖ്യമന്ത്രിയുള്ള നഗരത്തില്‍ കറുത്ത ചുരിദാറണിഞ്ഞ് സഞ്ചരിച്ച കുറ്റത്തിന് ട്രാന്‍സ്‌ജെന്റെഴ്‌സിനെ പോലും അപമാനിച്ച് പിടിച്ചുകൊണ്ടുപോകുന്ന ഭരണകൂടഭീകരത ഒരു മുഖ്യമന്ത്രിയുടെ ഭീരുത്വത്തിന് കുടപിടിച്ച് നില്‍ക്കുന്നതാണ് കേരളം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്.

ഭരണകൂട ഭീകരതകൊണ്ട് പ്രതിഷേധങ്ങളുടെ വായടപ്പിച്ച്, ജനാധിപത്യ പൗരസ്വാതന്ത്ര്യത്തെ തടവിലിട്ട്, കാക്കിപ്പടയെ കയറൂരിവിട്ട്, പ്രതിഷേധങ്ങളെ തല്ലിയൊതുക്കി, സമരങ്ങളേയും പ്രതിഷേധക്കാരെയും അപഹസിച്ചും അപമാനിച്ചും ധിക്കാരപൂര്‍വ്വം നാടുവാഴാമെന്ന് കരുതുന്ന കേരള മുഖ്യമന്ത്രിയുടെ വെല്ലുവിളിയെ ജനാധിപത്യ കേരളം ഏറ്റെടുക്കുക തന്നെ ചെയ്യും,’ അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അത്യന്തം ഗുരുതരമായ ആരോപണങ്ങളില്‍ മൂക്കറ്റം മുങ്ങിനില്‍ക്കുന്നൊരാള്‍ മുഖ്യമന്ത്രിപദം പോലെ ഒരു അതിപ്രധാനപദവിയില്‍ ഇപ്പോഴും കടിച്ചുതൂങ്ങുന്നതിന്റെ നീതികേട് എല്ലാ മനുഷ്യരും ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കുന്നുവെന്നും രമ പറഞ്ഞു.

പോലീസ് ബാരിക്കേഡ് ഭേദിക്കാന്‍ ശ്രമിക്കവേ വീഴാന്‍ പോയ ഒരു വനിതാപ്രവര്‍ത്തകയുടെയും, അവരെ താങ്ങിപ്പിടിച്ച സഹപ്രവര്‍ത്തകന്റെയും ചിത്രം മുന്‍നിര്‍ത്തി സി.പി.ഐ.എമ്മിന്റെ സൈബര്‍ വെട്ടുകിളിക്കൂട്ടങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്ര ഹീനമായ പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ ചോദിച്ചു.

ആണിന്റെയും പെണ്ണിന്റെയും സമരവീര്യത്തിന്റെ ചരിത്രം കൂടിയാണ് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രമെന്ന് ഈ അടിമക്കടന്നലുകള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ പോലും ആ പാളയത്തില്‍ ആരുമില്ലെന്നത് തീര്‍ച്ചയായും അമ്പരപ്പിക്കുന്നുവെന്നും

സമരങ്ങളിലുടെ വളര്‍ന്ന കേരളം സമരങ്ങളിലൂടെ തന്നെ ഭരണാധികാര ധിക്കാരങ്ങളെ ചെറുക്കുമെന്നും കെ.കെ. രമ കൂട്ടിച്ചേര്‍ത്തു.

Content Highlights: Chief Minister Pinarayi Vijayan has been sharply criticized by KK. Rema MLA , said that Pinarayi Vijayan has become a moving emergency