ആലപ്പുഴ: ആര്‍.എസ്.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യസമരത്തില്‍ ആര്‍.എസ്.എസ് പങ്കെടുത്തിട്ടില്ലെന്നും സ്വതന്ത്ര സമരത്തിന് ആര്‍.എസ്.എസ് പൂര്‍ണമായും എതിരായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍ഭാഗ്യവശാല്‍ ആര്‍.എസ്.എസിന്റെ കൈയിലാണ് രാജ്യത്തിന്റെ ഭരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വസ്തുത മറച്ചുവെക്കാനാകില്ലെന്നും അത് ചരിത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരും സംഘപരിവാറും ചേര്‍ന്ന് ചരിത്രത്തെ വെട്ടിത്തിരുത്താന്‍ നോക്കുന്ന കാലമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചരിത്രമെന്ന് കബളിപ്പിച്ച് ചരിത്ര വിരുദ്ധമായ കാര്യങ്ങള്‍ ജനങ്ങളിലേക്ക് കുത്തിവെക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം ആലപ്പുഴയില്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാനാണ് കേന്ദ്രം ശ്രമം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആന്‍ഡമാന്‍ ജയിലില്‍ തടവിലായിരുന്ന സമയത്ത് ബ്രിട്ടീഷുകാര്‍ക്ക് മാപ്പുകത്തെഴുതിയ സവര്‍ക്കറെയാണ് വീര്‍ സവര്‍ക്കര്‍ എന്ന് വിളിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘപരിവാര്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പമായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ ചരിത്രം വെട്ടിമാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
വര്‍ഗീയതയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനാകില്ലെന്നും ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നിന്ന പ്രസിഡന്റും ഗോള്‍വാള്‍ക്കറുടെ ചിത്രത്തെ വണങ്ങിയ പ്രതിപക്ഷ നേതാവുമാണ് തൃശൂരില്‍ ബി.ജെ.പിയെ വിജയിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇസ്രഈലിനെ പിന്തുണക്കുന്ന ഇന്ത്യയുടെ നിലപാട് അമേരിക്കയുടെ താത്പര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന്റെ നിലപാട് രാജ്യത്തെ ജനങ്ങള്‍ക്ക് അപമാനമാണ്. ഫലസ്തീനികളെ ഇസ്രഈല്‍ കൊന്നൊടുക്കുകയാണെന്നും ഇന്ത്യ സാമ്രാജ്യത്വത്തെ പിന്തുണക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ പുനരധിവാസം ഉടന്‍ സാധ്യമാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. പുനരധിവാസത്തിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും സഹായം നല്‍കാന്‍ തയ്യാറാവുന്നവരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചില്ലെങ്കിലും വയനാട്ടിലെ ജനങ്ങളെ സംസ്ഥാനം കൈവിടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Content Highlight: Chief Minister Pinarayi Vijayan criticized the RSS