| Sunday, 1st January 2023, 6:22 pm

ഒരു ന്യൂനപക്ഷ സമ്മേളനത്തില്‍ വന്ന് സി.പി.ഐ.എമ്മിനെയാണോ നിങ്ങള്‍ എതിര്‍ക്കുന്നത്; മുജാഹിദ് സമ്മേളനത്തില്‍ ലീഗിനോട് പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുജാഹിദ് സമ്മേളന വേദിയില്‍ ലീഗ് നേതാക്കളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ന്യൂനപക്ഷ സമ്മേളനത്തില്‍ വന്ന് സി.പി.ഐ.എമ്മിനെയാണോ ലീഗ് എതിര്‍ക്കുന്നതെന്ന് പിണറായി ചോദിച്ചു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളന വേദിയില്‍ പി.കെ. ബഷീര്‍ എം.എല്‍.എ സി.പി.ഐ.എമ്മിനെതിരെ നടത്തിയ പ്രസംഗത്തെ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

‘ന്യൂനപക്ഷങ്ങള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന സമയമാണ്. ഇവിടെ ആര്‍.എസ്.എസുണ്ട്. അവരുടെ വര്‍ഗീയ നിലപാടുണ്ട്. കേരളത്തില്‍ അതിനെ പ്രതിരോധിക്കുന്നതില്‍ ഒരു ഐക്യം നിലവിലുണ്ട്. ഈ സമയത്ത് വര്‍ഗീയതക്കെതിരായല്ലേ സംസാരിക്കേണ്ടത്.

മതനിരപേക്ഷത ചോദ്യം ചെയ്യുന്ന കാലത്ത് അതിനായി ഒന്നിച്ച് നില്‍ക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. മതനിരപേക്ഷതയുടെ ഭാഗമായി മാത്രമേ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം സാധ്യമാവുകയുള്ളു.

‘നമുക്ക് നേരിടാം’ എന്ന് ഈ സമ്മേളനത്തില്‍ വന്നിട്ട് ഒരു ലീഗ് നേതാവ് സംസാരിച്ചു. അങ്ങനെയാണോ പറയേണ്ടത്. അവര് പറയുന്ന ‘നമ്മളെക്കൊണ്ട്’ മാത്രം ന്യൂനപക്ഷത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് കരുതരുത്. അത് അപകടമാണ്,’ പിണറായി വിജയന്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയടക്കം വേദിയിലിരിക്കെയാണ് പിണറായിയുടെ വിമര്‍ശനം.

മതരാഷ്ട്രവാദികളെ ഒറ്റപ്പെടുത്തണം. സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് ഇടപെടാന്‍ കഴിയേണ്ട സംഘടനയാണ് മുജാഹിദ് പ്രസ്ഥാനം. കാലം ഒരുപാട് മുന്നോട്ടുപോയിട്ടും സ്ത്രീ വിമോചനത്തെക്കുറിച്ച് മുന്നോട്ട് പോകാന് നമുക്ക് കഴിഞ്ഞിട്ടില്ല. മതന്യൂനപക്ഷങ്ങളെ തെറ്റിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അതിനെ നമ്മള്‍ എതിര്‍ക്കേണ്ടതുണ്ട്. വര്‍ഗീയതയോട് കടുത്ത നിലപാട് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മുജാഹിദ് സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സമാപനസമ്മേളനത്തില്‍ കെ.എന്‍.എം പ്രസിഡന്റ് ടി.പി.അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, വ്യവസായി എം.എ.യൂസഫലി എന്നിവരും മുഖ്യാതിഥികളായി.

We use cookies to give you the best possible experience. Learn more