| Tuesday, 6th August 2024, 6:24 pm

'ആരെ ദ്രോഹിക്കാന്‍ വേണ്ടിയാണ് ഈ പെയ്ഡ് ന്യൂസ് പരിപാടി ചെയ്യുന്നത്'; കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് എന്ത് സഹായവും ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ച ചിലരില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ദുരന്തമുണ്ടായതിന് പിന്നാലെ തന്നെ ആദ്യം വിളിച്ചത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണെന്നും തുടര്‍ന്ന് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും വിളിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഇതില്‍ ചിലരുടെ നിലപാടില്‍ ഇപ്പോള്‍ മാറ്റം സംഭവിച്ചിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയതിനെ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

കേന്ദ്ര വനംപരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉയര്‍ത്തി. പ്രാദേശിക ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന അനധികൃത മനുഷ്യവാസവും ഭൂമി കയ്യേറ്റവും ഖനനവുമെല്ലാമാണ് മുണ്ടക്കൈ ദുരന്തത്തിന് കാരണമായതെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. എന്നാല്‍ മന്ത്രിയുടെ പരാമര്‍ശം ഒരു ദുരാരോപണമാണെന്നും ഇതിലൂടെ ദുരന്തത്തില്‍ അകപ്പെട്ടവരെ കേന്ദ്രം അപമാനിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തത്തില്‍ മരണപ്പെട്ട ഒരു വ്യക്തിയും അനധികൃത കുടിയേറ്റക്കാരല്ല, അവരുടെ സമ്പാദ്യം ഉപയോഗിച്ചുകൊണ്ട് നേടിയ തുണ്ടുഭൂമിയിലാണ് മുണ്ടക്കൈയിലെ മനുഷ്യര്‍ ജീവിച്ചിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ മലയോര മേഖലയെ കുറിച്ച് ചെറിയൊരു ധാരണയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവിടെ താമസിക്കുന്നവരെ അനധികൃത കുടിയേറ്റക്കാര്‍ എന്ന് വിളിക്കുമായിരുന്നോ? മലയോരജനത പടുത്തുയര്‍ത്തിയ സംസ്‌കാരത്തെ കുറിച്ച് മനസിലാക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ കുടിയേറ്റക്കാരെന്ന ആരോപണം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയുടെ ആരോപണം ഔചിത്യമില്ലായ്മയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വയനാട് ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ലേഖനങ്ങളും മറ്റും എഴുതാന്‍ കേന്ദ്ര സര്‍ക്കാര്‍ ശാസ്ത്രജ്ഞരെ സമീപിച്ചെന്ന റിപ്പോര്‍ട്ടിനെ കുറിച്ചും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പരാമര്‍ശിച്ചു. ഈ റിപ്പോര്‍ട്ടും കേന്ദ്രമന്ത്രിയുടെ ആരോപണവും ഒത്തുനോക്കുമ്പോള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന വിവരങ്ങള്‍ സത്യമാണെന്നാണ് മനസിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിണറായി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ലേഖനങ്ങള്‍ എഴുതാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നിരവധി ശാസ്ത്രജ്ഞരെ സമീപിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദി ന്യൂസ് മിനിട്ട് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇത്തരത്തില്‍ വിമര്‍ശനാന്മക ലേഖനങ്ങള്‍ എഴുതി നല്‍കാന്‍ ആവശ്യമായ പഴയ പത്രവാര്‍ത്തകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പി.ഐ.ബി ശാസ്ത്രജ്ഞര്‍ക്ക് കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വാര്‍ത്തയെ ഉദ്ധരിച്ചാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

ആരെ ദ്രോഹിക്കാന്‍ വേണ്ടിയാണ് ഈ പെയ്ഡ് ന്യൂസ് പരിപാടി ചെയ്യുന്നതെന്ന് ആരോപണം ഉന്നയിക്കുന്നവര്‍ തന്നെ ആലോചിക്കട്ടെയെന്നും മുഖ്യമന്ത്രി റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു.

Content Highlight: Chief Minister Pinarayi Vijayan criticized the central government over the allegations related to the Mundakai tragedy

We use cookies to give you the best possible experience. Learn more