പൂഞ്ഞാറിൽ വൈദികനെ വാഹനമിടിച്ച കേസ്; അറസ്റ്റ് ഒരു വിഭാഗത്തെ തിരഞ്ഞുപിടിച്ച് ചെയ്തതല്ല; ഹുസൈന്‍ മടവൂരിനെതിരെ മുഖ്യമന്ത്രി
Kerala News
പൂഞ്ഞാറിൽ വൈദികനെ വാഹനമിടിച്ച കേസ്; അറസ്റ്റ് ഒരു വിഭാഗത്തെ തിരഞ്ഞുപിടിച്ച് ചെയ്തതല്ല; ഹുസൈന്‍ മടവൂരിനെതിരെ മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th March 2024, 6:45 pm

തിരുവനന്തപുരം: കെ.എന്‍.എം ഉപാധ്യക്ഷന്‍ ഹുസൈന്‍ മടവൂരിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

പൂഞ്ഞാറില്‍ മുസ്‌ലിം വിഭാഗത്തില്‍ പെടുന്നവരെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന മടവൂരിന്റെ പരാമര്‍ശത്തിനെതിരെയായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ന്യൂനപക്ഷങ്ങളുമായുള്ള ‘മുഖാമുഖം’ സംഭാഷണത്തിനിടെയാണ് മുഖ്യമന്ത്രി വിമര്‍ശനം ഉയര്‍ത്തിയത്.

‘എന്ത് തെമ്മാടിത്തമാണ് അവിടെ കാട്ടിയത് വൈദികന് നേരെ വണ്ടി കയറ്റുകയായിരുന്നു, അദ്ദേഹം രക്ഷപ്പെട്ടു. ചെറുപ്പക്കാരുടെ സെറ്റെന്ന് പറയുമ്പോള്‍ കൂട്ടത്തില്‍ എല്ലാവരും ഉണ്ടാകുമെന്നല്ലേ നമ്മള്‍ കരുതുന്നത്. പക്ഷെ അതില്‍ മുസ്‌ലിം സമുദായത്തില്‍ പെടുന്നവര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

സംഭവത്തില്‍ ഒരു വിഭാഗത്തെ മാത്രം തിരഞ്ഞു പിടിച്ചല്ല പൊലീസ് അറസ്റ്റ് നടത്തിയത്. ഹുസൈന്‍ മടവൂരിനെ പോലുള്ളവര്‍ തെറ്റായ ധാരണകള്‍ വെച്ചുപുലര്‍ത്തരുത്. പൊലീസിന്റെ ഭാഗത്ത് തെറ്റുണ്ടാകാം. ഉദ്യോഗസ്ഥരുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ അത് ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നടപടി എടുക്കാം,’ മുഖ്യമന്ത്രി വ്യക്തമാക്കി.

ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലെ സെന്റ്ഓഫ് പരിപാടിക്ക് ശേഷം റീല്‍സ് എടുക്കുന്നതിനിടെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫെറോന പള്ളിയുടെ ഗ്രൗണ്ടില്‍ അഭ്യാസപ്രകടനം നടത്തുകയായിരുന്നു.

പള്ളി ഗ്രൗണ്ടില്‍ കാറും ബൈക്കും കൊണ്ടുവന്ന് നടത്തിയ അഭ്യാസപ്രകടനം തടഞ്ഞ വൈദികനെ വാഹനം ഇടിച്ചതായാണ് കേസ്. പരിക്കേറ്റ പള്ളി സഹവികാരി ഫാദര്‍ ജോസഫ് ആറ്റുച്ചാലില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

കേസില്‍ 27 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഈരാറ്റുപേട്ട പൊലീസ് കേസെടുത്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത 10 പേര്‍ക്ക് ഫെബ്രുവരി 29ന് ജുവനയില്‍ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

ഇക്കാര്യമാണ് ഹുസൈന്‍ മടവൂര്‍ മുഖാമുഖം പരിപാടിയില്‍ സംസാരിച്ചത്. തുടര്‍ന്നാണ് മടവൂരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്.

Content Highlight: Chief Minister Pinarayi Vijayan criticized Hussain Madavoor