| Monday, 19th December 2022, 7:55 am

ഏറ്റവും അമൂല്യ നേട്ടം കൈവരിച്ചാണ് മെസി അര്‍ജന്റീനയെ വിജയത്തിലേക്കെത്തിച്ചത്; അഭിനന്ദനവുമായി മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 2022ലെ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ വിജയികളായ അര്‍ജന്റീനയ്ക്ക് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

തന്റെ കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് വിശ്വ ഫുട്‌ബോളര്‍ ലയണല്‍ മെസി അര്‍ജന്റീനയെ വിജയത്തിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പിന്നില്‍ നിന്നും തിരിച്ചു വന്നു പൊരുതിയ ഫ്രാന്‍സ് ഫൈനല്‍ മത്സരം ആവേശോജ്ജ്വലമാക്കി. അവസാന നിമിഷം വരെ ഉദ്വേഗജനകമായ മത്സരം ഖത്തര്‍ ലോകകപ്പിനെ ഫിഫ ലോകകപ്പിലെ സമുജ്ജ്വലമായ അധ്യായമാക്കി മാറ്റി.

ഫുട്‌ബോള്‍ എന്ന മനോഹരമായ കളിയുടെ അതുല്യ ആവിഷ്‌കാരങ്ങളാണ് ഈ ടൂര്‍ണമെന്റിലുടനീളം കണ്ടത്. പങ്കെടുത്ത എല്ലാവര്‍ക്കും ആശംസകള്‍. ഇനി അടുത്ത ലോകകപ്പിനായി നമ്മള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കു കാത്തിരിക്കാം,’ പിണറായി വിജയന്‍ എഴുതി.

അതേസമയം, കഴിഞ്ഞ ദിവസം ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്.

നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

36 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് അര്‍ജന്റീന ലോകകിരീടം നേടുന്നത്. 2014 ഫൈനലില്‍ നഷ്ടപ്പെട്ട കിരീടമാണ് മെസി സ്വന്തമാക്കിയത്.

അര്‍ജന്റീനയയ്ക്ക് വേണ്ടി മെസി ഇരട്ട ഗോള്‍ നേടിയപ്പോള്‍ എയ്ഞ്ജല്‍ ഡി മരിയയും വലകുലുക്കി. ഫ്രാന്‍സിനായി എംബാപ്പെ ഹാട്രിക്ക് നേടി.

Content Highlight: Chief Minister Pinarayi Vijayan congratulated Argentina who won  World Cup football

We use cookies to give you the best possible experience. Learn more