| Friday, 25th August 2023, 6:28 pm

ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തം; വയനാട് അപകടത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വയനാട് മാനന്തവാടി കണ്ണോത്ത് മലയ്ക്ക് സമീപം തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യന്തം ദുഖകരമായ സംഭവമാണ് വയനാട്ടില്‍ ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

‘വയനാട് മാനന്തവാടി കണ്ണോത്തുമലയ്ക്ക് സമീപം തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ച സംഭവം അത്യന്തം ദുഖകരമാണ്. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.


ജീപ്പില്‍ ഉണ്ടായിരുന്ന മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പരുക്കേറ്റവരുടെ ചികിത്സയടക്കം മറ്റ് അടിയന്തര കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുന്നതിനും മന്ത്രി എ.കെ.ശശീന്ദ്രനെ ചുമതലപ്പെടുത്തിയിട്ടുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് വൈകിട്ട് മൂന്നരയോട് കൂടിയാണ് മാനന്തവാടി കണ്ണോത്ത് മലയ്ക്ക് സമീപം അപകടം നടന്നത്.തൊഴിലാളികളായ 13 സ്ത്രീകളും ഡ്രൈവറുമാണ് ജീപ്പില്‍ ഉണ്ടായിരുന്നത്.

മക്കിമല ആറാം നമ്പര്‍ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരി അക്ക, വസന്ത എന്നിവരാണ് മരിച്ചത്.ഡ്രൈവര്‍ അടക്കം അഞ്ച് പേര്‍ രക്ഷപ്പെട്ടു.

Content Highlight: Chief Minister Pinarayi Vijayan condoles the accident in Wayanad

We use cookies to give you the best possible experience. Learn more