നിയമസഭയില്‍ എന്റെ മുഖത്ത് നോക്കി കള്ളാ കള്ളാ എന്ന് വിളിച്ചു, ഇതാണോ സംസ്‌കാരം; മുഖ്യമന്ത്രി
തിരുവനന്തപുരം: അവിശ്വാസ പ്രമേയത്തില്‍ സമയമെടുത്തതില്‍ പ്രതിപക്ഷത്തിന്റെ വിഷമം സ്വഭാവികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്ത് സംസ്‌കാരമാണ് അവിടെ അന്ന് കണ്ടതെന്നും ഇതാണോ സ്വീകരിക്കേണ്ട നിലപാടെന്നും മുഖ്യമന്ത്രി ചോദിച്ചു.
എന്നിലര്‍പ്പിതമായ കര്‍ത്തവ്യം എന്തൊക്കെ ചെയ്തുവെന്നാണ് ഞാന്‍ പറഞ്ഞത്. എന്റെ മുഖത്ത് നോക്കി കള്ളാ കള്ളാ എന്ന് വിളിച്ചു. എന്തൊക്കെ തെറികള്‍ വിളിച്ചു. ഇതാണോ സംസ്‌കാരമെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇതാണോ സ്വീകരിക്കേണ്ട രീതിയെന്നും നിങ്ങള്‍ക്കാര്‍ക്കെങ്കിലും എന്തെങ്കിലും വിഷമം അതില്‍ തോന്നിയോയെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടിയായി ചോദിച്ചു.
നാട്ടുകാരെ നല്ല പോലെ ഉപദേശിക്കുന്ന മാധ്യമങ്ങള്‍ക്കൊന്നും അതിലൊന്നും തോന്നിയില്ലെന്നും സംസാരിക്കാന്‍ അനുവദിക്കാതെ തുടര്‍ച്ചയായി മുദ്രാവാക്യം വിളിച്ചെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.
അവിശ്വാസ പ്രമേയത്തില്‍ സമയമെടുത്തതില്‍ വിഷമം സ്വാഭാവികമാണെന്നും അതിന് താനെന്ത് ചെയ്യുമെന്നും മുഖ്യമന്ത്രി ചോദിച്ചു. സര്‍ക്കാരിനെതിരായ അവിശ്വാസമാണ്. ജനങ്ങളെ കണ്ടാണ് കാര്യം പറയുന്നതെന്നാണ് പ്രതിപക്ഷം പറഞ്ഞത്. സര്‍ക്കാരില്‍ ജനത്തിന് അവിശ്വാസം ഉണ്ടോയെന്നാണ് വിശദീകരിച്ചത്. ജനം അര്‍പ്പിച്ച വിശ്വാസത്തിന് പോറലേല്‍പ്പിക്കുന്ന എന്തെങ്കിലും ഉണ്ടായോ, സര്‍ക്കാര്‍ ചെയ്തത് എന്തൊക്കെയാണ് എന്നാണ് ഞാന്‍ വിശദീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജനത്തിന് അതില്‍ സര്‍ക്കാരിനോട് മതിപ്പ് മാത്രമേയുള്ളൂ. ഓരോ കാര്യവും എടുത്തെടുത്ത് ചോദിച്ചു. അത് പറഞ്ഞ് പോയാല്‍ ഇതിലും കൂടുതല്‍ സമയമെടുക്കും. ചുരുക്കിയാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
പെട്ടെന്ന് അവസാനിപ്പിക്കേണ്ടേ എന്ന സ്‌നേഹപൂര്‍ണ്ണമായ വിശദീകരണം അപ്പുറത്ത് നിന്ന് വന്നെന്നും . അവസാനിക്കാമെന്ന് പറഞ്ഞപ്പോള്‍ ലൈഫിന്റെ പ്രശ്‌നം ഉന്നയിച്ചു. ലൈഫ് ഞാന്‍ പറയാന്‍ തുടങ്ങിയപ്പോള്‍ വന്ന് മുദ്രാവാക്യം വിളിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.