തിരുവനന്തപുരം: കെ റെയില്‍ സമരത്തില്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര് പറയുന്നത് ജനം കേള്‍ക്കുമെന്നത് കാണാമെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഇവിടെ പറയുന്ന ന്യായങ്ങള്‍ വിചിത്രമാണ്. സില്‍വര്‍ ലൈന്‍ വേണ്ട. ആകാശപാത ആയിക്കോട്ടെ. ഉള്ള ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് വിഷമം ഉണ്ടാകും. പക്ഷേ അവരെ വിഷമിപ്പിക്കാനല്ല സര്‍ക്കാര്‍ തയ്യാറാകുന്നത്. അവരുടെ കൈവശമുള്ള ഭൂമിയുടെ സാധാരണ വിലയുടെ നാല് ഇരട്ടിയാണ് ഗ്രാമപ്രദേശങ്ങളില്‍ നല്‍കുന്നത്. ഇത് പാഴ്‌വാക്കല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരേയും വഴിയാധാരമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. കോണ്‍ഗ്രസ് വിചാരിച്ചാല്‍ കുറച്ചു ആളുകളെ രംഗത്തിറക്കാന്‍ കഴിയുമെന്ന് കരുതുന്നുണ്ടാകും. ഞങ്ങള്‍ ഈ പദ്ധതിയുമായി ജനങ്ങളിലേക്ക് തന്നെ ഇറങ്ങാനാണ് പോകുന്നത്. ഗോ ഗോ വിളി നടത്തുന്നവരോട്, ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളു. ആ പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ട. അതൊന്നും ചെലവാകുന്ന കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമാധാനപരമായിട്ടാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെ റെയിലുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എങ്ങനെ എല്ലാം പ്രകോപനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷം ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി തെറ്റായ ഇടപെടലുകളും പ്രകോപനം സൃഷ്ടിക്കലും പൊലീസിനെ അക്രമിക്കലും സര്‍വേ ഉദ്യോഗസ്ഥരെ തടയുകയും ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.
CONENT HIGLIGHTS: Chief Minister Pinarayi Vijayan challenges the Opposition in the K Rail agitation