തിരുവനന്തപുരം: സമഗ്ര ഭൂപരിഷ്‌കരണത്തിന്റെ 50ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂപരിഷ്‌കരണത്തിന്റെ 50ാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേ സമയം ഇ.എം.എസിന്റെയും കെ.ആര്‍ ഗൗരിയമ്മയുടെയും പങ്കിനെ കുറിച്ച് വ്യക്തമാക്കുകയും ചെയ്തു. ഭൂമിയ്ക്ക് വേണ്ടി എ.കെ.ജിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളും ആലപ്പുഴയിലെ മഹാ സമ്മേളനവും ചൂണ്ടിക്കാട്ടിയെങ്കിലും പരിഷ്‌കരണം നടപ്പിലാക്കിയ മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാതെ പോവുകയായിരുന്നു.
സി.പി.ഐയും കോണ്‍ഗ്രസും ഒരുമിച്ചുണ്ടായിരുന്ന മന്ത്രിസഭയാണ് നിയമം നടപ്പിലാക്കിയതെന്നും അന്ന് സി.പി.ഐ.എം പ്രതിപക്ഷത്തായിരുന്നുവെന്നും മുനീര്‍ ചൂണ്ടിക്കാട്ടി. ഭൂപരിഷ്‌കരണ കമ്മിറ്റിയുടെ ആദ്യകാല കണ്‍വീനര്‍ അച്യുതമേനോനായിരുന്നെന്നും അദ്ദേഹത്തെ വിസമരിച്ച് ഇ.എം.എസിനെ മാത്രം ഓര്‍ക്കുന്ന കാലത്തല്ല നമ്മള്‍ ജീവിക്കുന്നതെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ചരിത്രം തിരുത്തിയെഴുതാന്‍ തീരുമാനിച്ച മുഖ്യമന്ത്രിയായിരുന്നു അച്യുതമേനോനെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും പറഞ്ഞു.
സമഗ്ര ഭൂപരിഷ്‌കരണത്തിന്റെ വാര്‍ഷികാഘോഷ പരസ്യത്തിലും അച്യുതമേനോനെ ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും റവന്യൂ വകുപ്പ് ഇടപെട്ട് അത് തിരുത്തുകയായിരുന്നു.