| Sunday, 24th September 2023, 1:53 pm

കലാത്മക, വാണിജ്യ സിനിമകളുടെ വേർതിരിവ് കുറച്ച സംവിധായകൻ; കെ.ജി. ജോർജിനെ അനുസ്മരിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അന്തരിച്ച സംവിധായകൻ കെ.ജി. ജോർജിനെ അനുസ്മരിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും.
കലാത്മകമായ സിനിമയും വാണിജ്യ സ്വഭാവമുള്ള സിനിമയും തമ്മിലുള്ള വേർതിരിവ് അങ്ങേയറ്റം കുറച്ചു കൊണ്ടുവന്ന ഇടപെടലുകളാണ് കെ.ജി. ജോർജിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമൂഹഘടനയും വ്യക്തിമനസ്സുകളുടെ ഘടനയും അപഗ്രഥിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷ രീതിയായിരുന്നു എന്നും അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

‘സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു കെ.ജി. ജോർജ്. കലാത്മകമായ സിനിമയും വാണിജ്യ സ്വഭാവമുള്ള സിനിമയും തമ്മിലുള്ള വേർതിരിവ് അങ്ങേയറ്റം കുറച്ചു കൊണ്ടുവന്ന ഇടപെടലുകളാണ് കെ.ജി. ജോർജിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അതാകട്ടെ സിനിമയുടെ നിലവാരത്തെയും ആസ്വാദനനിലവാരത്തെയും ഒരുപോലെ ശ്രദ്ധേയമാംവിധം ഉയർത്തി,’ മുഖ്യമന്ത്രി പറഞ്ഞു.

വ്യത്യസ്ത പ്രമേയങ്ങൾ കൈകാര്യം ചെയ്ത ഇതുപോലുള്ള സംവിധായകർ അധികം ഉണ്ടാവില്ല എന്നും മലയാള ചലച്ചിത്ര രംഗത്തിന് നികത്താനാവാത്ത നഷ്ടമാണ് കെ.ജി. ജോർജിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ന്യൂജെൻ എന്ന് നമ്മൾ ഇപ്പോൾ വിശേഷിപ്പിക്കുന്ന സിനിമകളുടെ തലതൊട്ടപ്പനായിരുന്നു കെ.ജി. ജോർജെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത അനുശോചന കുറിപ്പിൽ പറഞ്ഞു.

‘ആദാമിന്റെ വാരിയെല്ല് ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമകളിലൊന്നാണ്. ആ സിനിമകളിൽ ഒന്നും സൂപ്പർ താരങ്ങളില്ല , കഥാപാത്രങ്ങൾ മാത്രം. സംവിധായകനായിരുന്നു യഥാർത്ഥ നായകൻ,’ പ്രതിപക്ഷ നേതാവ് പറഞ്ഞു.

Content Highlight: Chief Minister Pinarayi Vijayan and Opposition leader VD Satheeshan remembered KG George

Latest Stories

We use cookies to give you the best possible experience. Learn more