വൈക്കം: ഉടല്‍ രണ്ടാണെങ്കിലും ചിന്തകള്‍ കൊണ്ട് താനും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. വൈക്കം സത്യാഗ്രഹം ഇന്ത്യയ്ക്ക് മൊത്തത്തില്‍ പ്രചോദനമായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ 603 ദിവസം നീളുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്കുള്ള ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തില്‍ അഭിസംബോധന ചെയ്താണ് അദ്ദേഹം സംസാരിച്ച് തുടങ്ങിയത്.
വൈക്കത്തെ വേദിയില്‍ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്. ഇരുവരും സ്മൃതി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് വേദിയിലേക്കെത്തിയത്.
വൈക്കം സത്യാഗ്രഹം തമിഴ്‌നാടിന് പ്രചോദനമായിരുന്നു. ഇന്ത്യയൊട്ടാകെ പ്രചോദനമായിരുന്നു. സത്യാഗ്രഹം കരുണാനിധിക്ക് വിളക്കായിരുന്നു.
തമിഴ്‌നാട്ടില്‍ ഇപ്പോള്‍ നിയമസഭാ സമ്മേളനം നടന്നുക്കൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും പങ്കെടുക്കണമെന്നുള്ളതിനാലാണ് ഞാന്‍ ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്നത്. വൈക്കത്ത് വരാന്‍ സാധിച്ചത് ഭാഗ്യമായി കണക്കാക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളവും തമിഴ്‌നാടും ഒരുമിച്ച് നടത്തിയ പോരാട്ടങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചു.
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടി സംഘടിപ്പിച്ച സംസ്ഥാന സര്‍ക്കാരിനെ തമിഴ് മക്കളുടെ പേരില്‍ സ്റ്റാലിന്‍ നന്ദിയറിയിച്ചു.
CONTENT HIGHLIGHT: Chief Minister Pinarayi Vijayan and I are one in mind even though we are two bodies; Considered lucky to be able to come to Vaikam: Stalin