തിരുവനന്തപുരം: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലെ ഫെഡറല്‍ വ്യവസ്ഥയെ നിര്‍വീര്യമാക്കി കേന്ദ്ര സര്‍ക്കാറിന് സര്‍വാധികാരം നല്‍കാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് ഈ നീക്കത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയ്ക്ക് ശേഷവും പാഠം പഠിക്കാന്‍ ബി.ജെ.പി തയ്യാറായിട്ടില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഗൂഢശ്രമമാണ് സംഘപരിവാര്‍ നടത്തുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വൈവിധ്യ സ്വഭാവത്തെ തകര്‍ക്കുന്നതിനായാണ് ‘ഒറ്റ തെരഞ്ഞെടുപ്പ്’ മുദ്രാവാക്യം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി കുറിച്ചു.
ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായ സാഹചര്യങ്ങളും പശ്ചാത്തലവുമാണ് ഉള്ളത്. അവയെ പരിഗണിക്കാതെയും സംസ്ഥാനങ്ങളില്‍ ഉരുത്തിരിയുന്ന രാഷ്ട്രീയപ്രശ്‌നങ്ങളെ കണക്കിലെടുക്കാതെയും യാന്ത്രികമായി തെരഞ്ഞെടുപ്പ് നടത്തുന്നതും ജനവിധി അട്ടിമറിച്ച് കേന്ദ്രഭരണം അടിച്ചേല്‍പ്പിക്കുന്നതും ജനാധിപത്യത്തെ തകര്‍ക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെയും ഇന്ത്യയെന്ന ആശയത്തിനെ തന്നെയും അട്ടിമറിക്കാനുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെ രാജ്യത്തെ ജനാധിപത്യ സമൂഹം മുന്നോട്ടുവരേണ്ടതുണ്ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
ഇന്ന് (ബുധനാഴ്ച) വൈകുന്നേരത്തോട് കൂടിയാണ് കേന്ദ്ര മന്ത്രിസഭ പദ്ധതി അംഗീകരിച്ചത്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടാണ് മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നത്. പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നോട്ടുവെച്ച പ്രധാനപ്പെട്ട വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി. പദ്ധതിയെ കുറിച്ച് പഠിക്കാനായി മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.
ഈ സമിതി 2024 മാര്‍ച്ചില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കുകയും ചെയ്തു. ഇതിന്റെ ആദ്യഘട്ടമായി രാജ്യത്താകെ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താമെന്ന ശുപാര്‍ശയും സമിതി മുന്നോട്ട് വെച്ചിരുന്നു. അവിശ്വാസ പ്രമേയങ്ങള്‍ ഉള്‍പ്പടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഏകീകൃത കമ്മീഷന്‍ രൂപീകരിക്കുന്നതിനെ കുറിച്ചും ഈ റിപ്പോര്‍ട്ട് പരാമര്‍ശിച്ചിരുന്നു.
Content Highlight: Chief Minister Pinarayi Vijayan against Union Cabinet approval for one country one election