| Saturday, 25th April 2020, 6:47 pm

'ആടിനെ വിറ്റ തുകയും വിഷുക്കൈനീട്ടവും വരെ ആളുകള്‍ തന്നത് പ്രതിഫലം പ്രതീക്ഷിച്ചല്ല'; ശമ്പള ഉത്തരവ് കത്തിച്ച നടപടിയോട് പ്രതികരിച്ച് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശമ്പള ഉത്തരവ് കത്തിച്ച നടപടി മനോഭാവത്തിന്റെ പ്രശ്‌നമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതു കൊണ്ടാണ്  ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതു കൊണ്ടാണ് സര്‍ക്കാര്‍ ജീവനക്കാരുടെ, അഞ്ചു മാസങ്ങളില്‍ നിന്നായി ആറു ദിവസത്തെ ശമ്പളം മാറ്റി വെക്കാന്‍ ആവശ്യപ്പെട്ടത്. അതും സമ്മതിക്കില്ല എന്നതാണ് ഒരു ന്യൂന പക്ഷത്തിന്റെ കാഴ്ചപ്പാട്. അതിന്റെ  ഏറ്റവും മോശമായ പ്രകടനമാണ് ഉത്തരവ് കത്തിക്കുന്നതിലൂടെ അവര്‍ ചെയ്തത്,’മുഖ്യമന്ത്രി പറഞ്ഞു.

നാട് എത്ര പരിഹാസ്യമായിട്ടാണ് ഉത്തരവ് കത്തിച്ച നടപടിയെ കാണുക എന്നത് അവരുതന്നെ ചിന്തിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് അധ്യാപക സംഘടനയിലെ അംഗങ്ങള്‍ ഉത്തരവ് കത്തിച്ച നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ പ്രതിസന്ധി ഘട്ടത്തിലെല്ലാം നിശ്ചയദാര്‍ഢ്യത്തോടെ സഹായം നല്‍കാന്‍ മുന്നോട്ടുവന്നത് നമ്മുടെ വയോധികരായിരുന്നു. ഒരു മാസത്തെയന്നല്ല, ഒരു വര്‍ഷത്തെ തന്നെ പെന്‍ഷന്‍ കൈമാറിയവരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലത്ത് സുബൈദ എന്ന സ്ത്രീ തന്റെ ആടിനെ വിറ്റാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം തന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷുക്കൈനീട്ടം കിട്ടിയതുകയും കളിപ്പാട്ടം വാങ്ങാന്‍ നീക്കിവെച്ച തുകയും ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്തെങ്കിലും പ്രതിഫലം പ്രതീക്ഷിച്ചല്ല ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ഏത് പ്രയാസ ഘട്ടത്തിലും സഹജീവികളോട് കരുതല്‍ വേണം എന്ന മാനസികാവസ്ഥയാണ് നാട്ടില്‍ എല്ലാവര്‍ക്കുമുള്ളത്. സഹജീവികളോട് കരുതല്‍ ഉള്ളവരാണ് നാട്ടിലെ അധ്യാപകരും ജീവനക്കാരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്നതിനുമുമ്പേ പലരും ദുരിതാശ്വാസനിധിയിലേക്ക് പണം തന്നത് ഈ കരുതല്‍ കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആറു ദിവസത്തില്‍ക്കുറച്ചുള്ള ശമ്പളമേ അധ്യാപകര്‍ക്ക് ഈ മാസം ലഭിക്കുകയുള്ളു എന്നത് ഉത്തരവിലൂടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

‘ആറു ദിവസത്തില്‍ക്കുറച്ചുള്ള ശമ്പളമേ അധ്യാപകര്‍ക്ക് ഈ മാസം ലഭിക്കുകയുള്ളു. അത് കൊണ്ട് ആ ശമ്പളം അവര്‍ക്ക് ലഭിക്കില്ല. അതേ സര്‍ക്കാരിന് ഇപ്പോള്‍ സാധിക്കുകയുള്ളു. അതാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യക്തമാക്കിയത്. അത് നമ്മുടെ പ്രത്യേക സാഹചര്യം കൊണ്ടാണ്. ആരെയും ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയല്ല,’ മുഖ്യമന്ത്രി പറഞ്ഞു.

കത്തിച്ചവര്‍ക്കെതിരെ എന്തെങ്കിലും നടപടിയിലേക്ക് പോകാനൊന്നും സര്‍ക്കാര്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more