| Wednesday, 7th February 2024, 6:59 pm

കേന്ദ്ര ബജറ്റില്‍ കേരളത്തിന് അവഗണന; തോറ്റ് പിന്‍മാറുന്നതിന് പകരം അര്‍ഹതപ്പെട്ടത് നേടിയെടുക്കും: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തിന്റെ അതിജീവനത്തിന് അനിവാര്യമായ മാര്‍ഗം എന്ന നിലയിലാണ് വ്യാഴാഴ്ച ദല്‍ഹിയില്‍ സമരം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ മന്ത്രിസഭാംഗങ്ങളും നിയമസഭാംഗങ്ങളും പാര്‍ലമെന്റ് അംഗങ്ങളും ഈ സമരത്തില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളോടും ബി.ജെ.പി ഇതര സംസ്ഥാനങ്ങളോടും രണ്ട് നിലപാടാണ് കേന്ദ്രത്തിനുള്ളതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 17 ഇടങ്ങളില്‍ ലാളനയും മറ്റ് ഇടങ്ങളില്‍ പീഡനവുമാണ്. കേന്ദ്രത്തിന്റെ ഇത്തരം നടപടികള്‍ക്കെതിരെയും കേരളത്തിന് അര്‍ഹതപ്പെട്ടത് നേടിയെടുക്കാനുമാണ് ഈ പ്രതീകാത്മക സമരമെന്നും അദ്ദേഹം പറഞ്ഞു.

‘ഒരാളെയും തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയല്ല ഈ സമരം. തോറ്റ് പിന്‍മാറുന്നതിന് പകരം അര്‍ഹതപ്പെട്ടത് നേടിയെടുക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. രാജ്യമാകെ ഈ സമരത്തിന് പിന്തുണയുമായി കേരളത്തോടൊപ്പം നിലകൊള്ളുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഇതിനെ കക്ഷി രാഷ്ട്രീയ നിറം നല്‍കി കാണാന്‍ ശ്രമിക്കരുത്. സഹകരണ ഫെഡറലിസം നമ്മുടെ പ്രഖ്യാപിത ആദര്‍ശമാണ്. ഈ ആശയത്തിന്റെ അന്ത:സത്ത അടുത്ത കാലത്തെ ചില കേന്ദ്ര നടപടികളിലൂടെ ചോര്‍ന്നുപോയിരിക്കുന്നു.

രാജ്യത്ത് 17 സംസ്ഥാനങ്ങളിലാണ് ബി.ജെ.പി നേരിട്ടോ ബി.ജെ.പിയുടെ പങ്കാളിത്തത്തോടെയോ ഭരണമുള്ളത്. ഈ സംസ്ഥാനങ്ങളോടുള്ളതല്ല എന്‍.ഡി.എ ഇതര ഭരണമുള്ള സംസ്ഥാനങ്ങളോട് കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിക്കുന്ന നിലപാട്. 17 ഇടത്ത് ലാളനയും മറ്റിടങ്ങളില്‍ പീഡനവും എന്നതാണ് സമീപനം.

അത്തരം നടപടികള്‍ക്കെതിരെയാണ് പ്രതീകാത്മകമായ പ്രതിരോധം ഉയര്‍ത്തുന്നത്. ഇതിന് വ്യാപകമായ പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്ക് കത്തുകള്‍ അയച്ചിട്ടുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു.

‘കേരളം എല്ലാ മേഖലയിലും അവഗണിക്കപ്പെടുകയാണ്. പുതിയ പദ്ധതികള്‍ അനുവദിക്കുന്നില്ല. ഈ കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ പേര് പരാമര്‍ശിക്കുന്നത് പോലും പരിമിതമാകുന്ന ദുരവസ്ഥയിലേക്ക് അവഗണന വളര്‍ന്നിരിക്കുന്നു. സംസ്ഥാനത്തിന്റെ ദീര്‍ഘകാല ആവശ്യമായ എയിംസിന് ഒരു പരിഗണനയും കിട്ടിയിട്ടില്ല.

എല്ലാ യോഗ്യതയുമുണ്ടായിട്ടും, ഭൂമിയുടെ രേഖകളും അടിസ്ഥാനസൗകര്യ വികസന പദ്ധതിയുമെല്ലാം കേന്ദ്രത്തിന് കൈമാറിയിട്ടും കേന്ദ്ര ബജറ്റില്‍ ഇത്തവണയും പരിഗണിച്ചില്ല.

ദേശീയ തലത്തില്‍ എയര്‍പോര്‍ട്ടുകള്‍ ലേലത്തില്‍ വെച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം എയര്‍ പോര്‍ട്ടിന്റെ നടത്തിപ്പ് സംസ്ഥാനത്തിന് കൈമാറണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലേലത്തില്‍ ക്വാട്ട് ചെയ്ത ഉയര്‍ന്ന തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്നും അറിയിച്ചു. എന്നാല്‍ ഇതവഗണിച്ച് വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് തീറെഴുതി നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്.

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താനുള്ള പോയിന്റ് ഓഫ് കോള്‍ അംഗീകാരം ലഭ്യമാക്കാന്‍ അനുഭാവപൂര്‍ണമായ സമീപനം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.

കോഴിക്കോട് വിമാനത്താവളത്തില്‍ ഭൂമിയേറ്റെടുത്തിട്ടും നിര്‍മ്മാണത്തിനാവശ്യമായ ടെണ്ടര്‍ വിളിക്കുന്നതിലുണ്ടാകുന്ന കാലതാമസവും അവഗണനയുടെ മറ്റുചില ഉദാഹരണങ്ങളാണ്.

പുതിയ ട്രെയിനുകള്‍, പുതിയ പാതകള്‍, പാത ഇരട്ടിപ്പിക്കല്‍, നിലവിലെ പാതകളുടെ നവീകരണം, റെയില്‍വേ സ്റ്റേഷനുകളുടെ ആധുനിക വത്ക്കരണം തുടങ്ങി റെയില്‍വേ വികസനത്തിന്റെ സമസ്ത മേഖലകളിലും കേരളത്തിനെ അവഗണിക്കുന്ന നിലപാട് കേന്ദ്രം തുടരുകയാണ്.

സെമി ഹൈ സ്പീഡ് റെയില്‍ കോറിഡോറായ കെ റെയിലിന് സമാനമായ പദ്ധതികളെ രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട് മാത്രം കടുത്ത വിവേചനം കാട്ടുകയാണ്,’ മുഖ്യമന്ത്രി പറഞ്ഞു.

അവഗണനയുടെ അനേകം അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോഴും ബദല്‍ മാര്‍ഗങ്ങള്‍ ഉയര്‍ത്തി അതിജീവനത്തിന് കേരളം ശ്രമിക്കുകയാണെന്നും എന്നാല്‍ അത്തരം അതിജീവനം പോലും പൊറുപ്പിക്കില്ല എന്ന വാശിയോടെ കേന്ദ്രം പ്രതികാര മനോഭാവം തുടരുന്നുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘അവഗണനയുടെ അനേകം അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോഴും ബദല്‍ മാര്‍ഗങ്ങള്‍ ഉയര്‍ത്തി അതിജീവനത്തിന് കേരളം ശ്രമിക്കുകയാണ്. എന്നാല്‍ അത്തരം അതിജീവനം പോലും പൊറുപ്പിക്കില്ല എന്ന വാശിയോടെ കേന്ദ്രം പ്രതികാര മനോഭാവം തുടരുന്നു.

ഈ സാഹചര്യത്തില്‍, സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെയാകെ ശ്രദ്ധയില്‍ കൊണ്ടുവരാനും കേന്ദ്ര സര്‍ക്കാരിനെ ആവര്‍ത്തിച്ച് ബോധ്യപ്പെടുത്താനാണ് സംസ്ഥാനത്തിന് ഇത്തരമൊരു മാര്‍ഗം സ്വീകരിക്കേണ്ടിവരുന്നത്.

പ്രളയങ്ങളും മഹാമാരികളും ആഞ്ഞടിച്ചപ്പോഴും ഉലയാതെ നിന്ന് പൊരുതിയ ചരിത്രമാണ് കേരളത്തിന്റേത്. മാനവികതയും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ച് ഒറ്റക്കെട്ടായി ഓരോ പ്രതിസന്ധിയും ഞങ്ങള്‍ മറികടന്നു. രാജ്യത്തിനു തന്നെ അഭിമാനകരമായ അനവധി നേട്ടങ്ങള്‍ സ്വന്തമാക്കി.

നീതി ആയോഗിന്റെ ദേശീയ മള്‍ട്ടി ഡയമെന്‍ഷണല്‍ ദാരിദ്ര സൂചികയില്‍ കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനം, നീതി ആയോഗ് തയ്യാറാക്കിയ സുസ്ഥിര വികസന സൂചികകള്‍ പ്രകാരം രാജ്യത്തൊന്നാമത്തെ സംസ്ഥാനം, 2021ലെ പബ്ലിക് അഫയേര്‍സ് ഇന്‍ഡെക്സില്‍ ഒന്നാം സ്ഥാനം , കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മികവിന്റെ സൂചികയില്‍ ഒന്നാം സ്ഥാനം, നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ ഒന്നാം സ്ഥാനം, ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ പുരസ്‌കാരം, ഇന്ത്യ ടുഡേ നടത്തിയ ഹാപ്പിനെസ്സ് ഇന്‍ഡക്സ് സര്‍വേയില്‍ ഒന്നാം സ്ഥാനം തുടങ്ങി അസംഖ്യം നേട്ടങ്ങള്‍ കേരളം കഴിഞ്ഞ 8 വര്‍ഷക്കാലയളവില്‍ സ്വന്തമാക്കി.

എന്നാല്‍ മികവില്‍ നിന്നും കൂടുതല്‍ മികവിലേയ്ക്ക് പോകാന്‍ കേരളത്തെ പിന്തുണയ്ക്കുന്നതിനു പകരം ആ മുന്നേറ്റത്തിനു തടസ്സങ്ങള്‍ സൃഷ്ടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

പ്രളയങ്ങളുടേയും മഹാമാരിയുടേയും ഘട്ടങ്ങളില്‍ അര്‍ഹമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനു പകരം ആവശ്യങ്ങളോട് മുഖം തിരിക്കുക മാത്രമല്ല, അവയ്ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നതാണ് യാഥാര്‍ത്ഥ്യം. ഈ ഹൃദയശൂന്യതയോടുള്ള പ്രതിഷേധം കൂടിയാണ് നാളെ നടക്കുന്ന സമരം.

ഇന്ത്യയുടെ ഐക്യവും ഭദ്രതയും കാത്തുസൂക്ഷിക്കാന്‍ ശക്തമായ കേന്ദ്രവും ശാക്തീകരിക്കപ്പെട്ട സംസ്ഥാനങ്ങളും അനിവാര്യമാണ്. ഈ വലിയ ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള സുപ്രധാന ചുവടുവെപ്പാണ് ദല്‍ഹിയില്‍ കേരളം സംഘടിപ്പിക്കുന്ന പരിപാടി. ഇതിന് ജനാധിപത്യവിശ്വാസികളായ എല്ലാവരുടെയും അകമഴിഞ്ഞ സഹായവും സഹകരണവും പിന്തുണയും അഭ്യര്‍ത്ഥിക്കുകയാണ്,’ മുഖ്യമന്ത്രി പറഞ്ഞു.

Content highlight: Chief Minister Pinarayi Vijayan against the neglect of the central government

We use cookies to give you the best possible experience. Learn more