| Wednesday, 25th May 2022, 5:58 pm

വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല; പി.സി. ജോര്‍ജിനെതിരെ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജനപക്ഷം നേതാവ് പി.സി. ജോര്‍ജിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ സംസ്‌കാരത്തിന് ചേരാത്ത രീതിയിലാണ് പി.സി. ജോര്‍ജ് സംസാരിച്ചതെന്നും, വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

‘നീചമായ വാക്കുകളാണ് പി.സി. ജോര്‍ജ് പ്രയോഗിച്ചത്. അതുകേട്ടപ്പോള്‍ സംഘപരിവാറിന് അമിത സന്തോഷം. എന്നാല്‍ ഇത് കേരളമാണെന്നും ഭരിക്കുന്നത് എല്‍.ഡി.എഫ് ആണെന്നും ഓര്‍ക്കണം. എന്തും വിളിച്ചുപറയാനുള്ള നാടല്ല ഇത്,’ മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് കടുത്ത മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗത്തില്‍ പൊലീസ് ഒരു സമ്മര്‍ദവും പരിഗണിക്കാതെ അറസ്റ്റ് ചെയ്തു. എന്നാല്‍ ചിലതിനോട് വേദമോതിയിട്ട് കാര്യമില്ലെന്ന് പറയുന്നതുപോലെ പി.സി ജോര്‍ജ് അതേ പരാമര്‍ശം ആവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി.സി. ജോര്‍ജിന്റെ പ്രസംഗത്തിന്റെ മറുപതിപ്പ് ആലപ്പുഴയില്‍ കണ്ടു. അവിടെ ഒരു പത്തുവയസുകാരനാണ് മതവിദ്വേഷ മുദ്രവാക്യങ്ങള്‍ വിളിച്ചത്. അതിലും സര്‍ക്കാര്‍ കര്‍ശന നടപടിയെടുത്തു.

ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷവര്‍ഗീയതയും നാടിനാപത്താണ്. ഇത് രണ്ടിനുമെതിരെ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: pinarayi vijayani against p c george about vennala issue

We use cookies to give you the best possible experience. Learn more