ബില്ലുകളൊന്നും ഒപ്പിടുന്നില്ല, ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നിയമ നടപടിക്ക്
Kerala News
ബില്ലുകളൊന്നും ഒപ്പിടുന്നില്ല, ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നിയമ നടപടിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th September 2023, 7:38 pm

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണർ ഒപ്പിടുന്നില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

എട്ട് ബില്ലുകള്‍ ഗവര്‍ണറുടെ ഒപ്പ് കാത്ത് കിടക്കുകയാണ്. ബില്ലുകള്‍ കാലതാമസം വരുത്തുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നു. ഗവര്‍ണറുടെ നടപടി പാര്‍ലമെന്റിന്റെ അന്തസത്തക്ക് നിരക്കാത്ത നടപടിയാണ്. വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഗവര്‍ണര്‍ ഒപ്പിടേണ്ട എട്ട് ബില്ലുകള്‍ മുടങ്ങിക്കിടക്കുകയാണ്. മൂന്ന് ബില്ലുകള്‍ ഒരു വര്‍ഷം 10 മാസമായി. ഒരു വര്‍ഷത്തില്‍ കൂടുതലുള്ള മൂന്ന് ബില്ലുകളുണ്ട്. ഒരു വര്‍ഷമല്ലാത്ത രണ്ട് ബില്ലും ഉണ്ട്. ഇതില്‍ ആര്‍ക്കും തര്‍ക്കമില്ലാത്ത ബില്ലുകള്‍ വരെയുണ്ട്.

ബില്ലുകള്‍ പിടിച്ചുവെക്കുന്നത് കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കുന്നതായി വ്യാഖ്യാനിച്ചാല്‍ തെറ്റ് പറയാനാവില്ല. നിയമപരമായ മാര്‍ഗങ്ങള്‍ തേടുകയല്ലാതെ മറ്റൊന്നും സര്‍ക്കാരിന് ചെയ്യാനാവില്ല.

മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാലിന്റെ സേവനം അതിനായി തേടും. ഫാലി എസ്. നരിമാന്റെ അഭിപ്രായം നേരത്തെ സര്‍ക്കാര്‍ തേടിയിരുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോയെന്നാണ് ഹരജിയിലൂടെ ഉന്നയിക്കുക,’ പിണറായി പറഞ്ഞു.


Content Highlight: Chief Minister Pinarayi Vijayan against Governor Arif Muhammad Khan