കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ഭാഗങ്ങില്‍ റിപ്പോര്‍ട്ട് ചെയ്ത വോട്ടിംഗ് യന്ത്രത്തിന്റെ തകരാറില്‍ തെരഞ്ഞെടുപ്പു കമ്മീഷനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വോട്ടിംഗ് യന്ത്രത്തിന് തകരാറില്ല എന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉറപ്പു വരുത്തണമായിരുന്നു എന്നും വോട്ടിംഗ് മെഷീന്റെ കാര്യം തെരഞ്ഞെടുപ്പു കമ്മീഷന്‍ ഗൗരവമായി എടുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘വോട്ടിംഗ് യന്ത്രത്തെ കുറിച്ച് നേരത്തെ തന്നെ വ്യാപകമായ പരാതിയുണ്ട്. അങ്ങനെ ഒരു പരാതി ഉയരുന്ന ഘട്ടത്തില്‍ ഓരോ ബൂത്തിലും വെക്കുന്ന വോട്ടിംഗ് യന്ത്രത്തിന് തകരാറില്ല എന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉറപ്പു വരുത്തണമായിരുന്നു. ഞാന്‍ വോട്ടു ചെയ്യേണ്ട ബൂത്തില്‍ വോട്ടിംഗ് മെഷീന്‍ ആദ്യ ഘട്ടത്തില്‍ തകരാറിലായി. ഇവിടെ അടുത്തു തന്നെ മറ്റൊരു ബൂത്തിലും വോട്ടിംഗ് മെഷീന്‍ തകരാറിലായി. കേരളത്തില്‍ വ്യാപകമായി വോട്ടിംഗ് മെഷീന്‍ തകരാറിലായി എന്ന വസ്തുത നിലനില്‍ക്കുന്നുണ്ട്. അക്കാര്യം തെരഞ്ഞെടുപ്പു കമ്മീഷന്‍ ഗൗരവമായി എടുത്തില്ല’- മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, വോട്ടിംഗ് മെഷീനിലെ തകരാറു മൂലം പല മണ്ഡലങ്ങളിലും വോട്ടെടുപ്പ് വൈകിയാണ് തുടങ്ങിയത്. പത്തനംതിട്ടയില്‍ ചില ബൂത്തുകളില്‍ പോളിംഗ് തുടങ്ങിയിട്ടില്ല. രാവിലെ 6.30 മുതല്‍ ആളുകള്‍ വോട്ടു ചെയ്യാന്‍ ക്യൂ നില്‍ക്കുകയാണ്.
തിരുവനന്തപുരം ചൊവ്വരയില്‍ ഇ.വി.എമ്മില്‍ തകരാറിനെ തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. ചൊവ്വരയിലെ 151ാം ബൂത്ത് പ്രവര്‍ത്തിക്കുന്ന മാധവ വിലാസം സ്‌കൂളിലാണ് സംഭവം. പോള്‍ ചെയ്യുന്നത് കൈപ്പത്തിയിലാണെങ്കിലും വി.വിപാറ്റില്‍ ചുവന്ന ലൈറ്റ് തെളിയുന്നത് താമര ചിഹ്നത്തിലാണെന്നാണ് വോട്ടര്‍മാര്‍ പരാതി ഉന്നയിച്ചത്. 76 വോട്ടുകളാണ് ഇതുവരെ ബൂത്തില്‍ പോള്‍ ചെയ്തത്.
യു.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇവിടെ ഇപ്പോള്‍ പോളിങ് നിര്‍ത്തി വെച്ചിരിക്കുന്നത്. പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വോട്ടിങ് നിര്‍ത്തി വെച്ചിരിക്കുന്നത്. കോവളം എം.എല്‍.എ വിന്‍സന്റ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പുതിയ കണ്‍ട്രോള്‍ യൂണിറ്റും ഇ.വി.എമ്മും എത്തിച്ച് വോട്ടിങ് പുനരാരംഭിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ഇതുവരെ പോള്‍ ചെയത് 76 വോട്ടുകളുടെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കും.
അതേസമയം, കോഴിക്കോട് കക്കോടി പടിഞ്ഞാറ്റുമുറി ഗവ: യു.പി സ്‌കൂളിലെ 123ാം ബൂത്തില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായി. മോക്ക്ഡ്രില്‍ സമയത്താണ് രണ്ടു ചിഹ്നങ്ങള്‍ മാത്രം അമരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ട് ചെയ്യാനെത്തിയ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വോട്ട് ചെയ്യാതെ മടങ്ങിയിരുന്നു. ഒരു മണിക്കൂറോളം ബൂത്തില്‍ കാത്തുനിന്നതിന് ശേഷവും യന്ത്രത്തകരാര്‍ പരിഹരിക്കാനാകാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം മടങ്ങിയത്. കൊച്ചിയിലെ എറണാകുളം മാര്‍ക്കറ്റ് റോഡിലുള്ള സെന്റ് മേരീസ് സ്‌കൂളില്‍ ആണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.