കൊച്ചി: സി.ഐ.ടി.യുവിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂണിയന്‍ പ്രവര്‍ത്തനത്തില്‍ തിരുത്തലുകള്‍ വേണമെന്നും, ചിലതൊക്കെ തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സി.പി.ഐ.എം സംസ്ഥാന സമ്മേളനം വികസന രേഖ അവതരിപ്പിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
സി.ഐ.ടി.യു നേതാക്കള്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
‘സി.ഐ.ടി.യു തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ അത് പല മേഖലകളെയും ബാധിക്കും. ചിലതൊക്കെ തെറ്റാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ കുറെ നാളുകളായി നമ്മള്‍ ഇതൊക്കെ ചെയ്യുന്നു.
ഇനിയും ഇത്തരത്തിലുള്ള തെറ്റുകള്‍ പിന്തുടരുകയാണെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും’മെന്നും പിണറായി വിജയന്‍ പറഞ്ഞു.
നോക്കുകൂലി ഉള്‍പ്പടെയുളള വിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തര്‍ക്കങ്ങളുണ്ടാവുന്നുണ്ട്. വ്യാപാരത്തിന് തടസം നില്‍ക്കുന്ന രീതിയില്‍ ട്രേഡ് യൂണിയനുകള്‍ സമരം നടത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
നേരത്തെ കണ്ണൂരിലെ മാതമംഗലത്തും പേരാമ്പ്രയിലും സി.ഐ.ടി.യു കടപൂട്ടല്‍ സമരം നടത്തിയത് വിവാദമായിരുന്നു.
കഴിഞ്ഞ മാസം ഡിസംബര്‍ 23ന് സാധനങ്ങള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കണ്ണൂര്‍ മാതമംഗലത്ത് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ സമരം ചെയത് കടപൂട്ടിക്കുന്ന സ്ഥിതിവിശേഷം വരെ ഉണ്ടായിരുന്നു.
പിന്നീട് ലേബര്‍ കമ്മീഷണര്‍ സി.ഐ.ടി.യു പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി പ്രശ്‌നത്തിന് പരിഹാരം കണ്ട ശേഷം കട വീണ്ടും തുറക്കുകയായിരുന്നു.
സി.പി.ഐ.എമ്മിന്റെ സംസ്ഥാന സമ്മേളനം കൊച്ചിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രവര്‍ത്തന റിപ്പോര്‍ട്ടിലും സംഘടനാ റിപ്പോര്‍ട്ടിലുമുള്ള ചര്‍ച്ചയാണ് സമ്മേളനത്തിന്റെ ഇന്നത്തെ പ്രധാന അജണ്ട. നാളെ നവകേരള നയരേഖയിലുള്ള ചര്‍ച്ചയും നടക്കും.
അതേസമയം അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ സി.പി.ഐ.എം മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനായി ഇടതുപക്ഷ എം.പിമാരുടെ അംഗബലം വര്‍ധിപ്പിക്കണമെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാന സമ്മേളനത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘2004ല്‍ ബി.ജെ.പി നേതൃത്വത്തിലുള്ള വാജ്പേയ് സര്‍ക്കാരിനെ പുറത്താക്കാന്‍ മുഖ്യപങ്ക് വഹിച്ചത് ഇടതുപക്ഷമായിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20ല്‍ 18 സീറ്റിലും ഇടതുപക്ഷം വിജയിച്ചു. അന്ന് അത്രയും സീറ്റ് ലഭിച്ചതുകൊണ്ട് കേന്ദ്രത്തില്‍ ബി.ജെ.പിയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ കഴിഞ്ഞു.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍നിന്ന് പുറത്താക്കുമെന്ന് പറഞ്ഞ കോണ്‍ഗ്രസിന് പാര്‍ലമെന്റില്‍ മുഖ്യപ്രതിപക്ഷമാകാന്‍പോലും സാധിച്ചില്ല.
കേരളത്തിലെ 20ല്‍ 19 സീറ്റിലും യു.ഡി.എഫ് വിജയിക്കുകയുണ്ടായി. ഇത് മനസ്സിലാക്കിക്കൊണ്ട് കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷത്തിന് പിന്നില്‍ അണിനിരക്കണം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും,’ കോടിയേരി പറഞ്ഞു.
കഴിഞ്ഞ സമ്മേളനം കഴിഞ്ഞതുമുതലുള്ള നാല് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് വിമര്‍ശനപരമായി അവലോകനം ചെയ്ത റിപ്പോര്‍ട്ടില്‍ അവതരിപ്പിച്ചിട്ടുള്ളത്. പാര്‍ട്ടിക്ക് വന്‍ വളര്‍ച്ചയുണ്ടാക്കാന്‍ ഈ കാലയളവില്‍ കഴിഞ്ഞുവെന്നും, എന്നാല്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ പല കോണുകളില്‍ നിന്നും ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Content Highlight: Chief Minister Pinarayi Vijayan Against CITU