ഇസ്രഈല്‍ പക്ഷം ചേരുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ മണിപ്പൂര്‍ കലാപത്തില്‍ കണ്ണടച്ചവരാണ്: മുഖ്യമന്ത്രി
കൊച്ചി: ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്രഈല്‍ പക്ഷം ചേര്‍ന്ന ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ മണിപ്പൂരില്‍ ആറുമാസമായി നടക്കുന്ന കലാപത്തെ തിരിഞ്ഞു നോക്കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് കള്ളിവയലില്‍ രചിച്ച ‘മണിപ്പൂര്‍ എഫ്.ഐ.ആര്‍’ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിപ്പൂരില്‍ ദുരിതം അനുഭവിക്കുന്ന ഇന്ത്യക്കാരെ ഒരുതവണ പോലും കാണാന്‍ പോകാത്തവരാണ് ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍. ഇത് അവരുടെ പക്ഷം ഏതു ഭാഗത്താണെന്ന് വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
മണിപ്പൂരില്‍ കലാപം നടന്ന് 80 ദിവസം കഴിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചതെന്നും കലാപം നടന്ന് മൂന്നുമാസം വരെ പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിമാരോ മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023 മേയിലാണ് മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവരാതിരിക്കാന്‍ ആസൂത്രിത നീക്കം ഉണ്ടായി. ആദ്യഘട്ടത്തില്‍ പൊതുപ്രവര്‍ത്തകരെ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചില്ല. പിന്നീട് ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടു. മുഖ്യധാരാ മാധ്യമങ്ങള്‍ മണിപ്പൂരില്‍ നിന്നുള്ള വാര്‍ത്തകളെ തമസ്‌കരിക്കുകയോ അതില്‍ വെള്ളം ചേര്‍ക്കുകയോ ചെയ്തുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
‘എന്നാല്‍ പരിഷ്‌കൃതസമൂഹത്തിന് ചേരാത്ത സംഭവങ്ങള്‍ മണിപ്പൂരില്‍ ഉണ്ടായതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി സംസാരിച്ചത്. അത്തരം സംഭവങ്ങള്‍ നടത്തിയവര്‍ക്കെതിരെ ആയിരുന്നില്ല കേസ്. അത് ലോകത്തെ അറിയിച്ചവര്‍ക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തത്.
വസ്തുതാ അന്വേഷക സംഘങ്ങളും ചുരുക്കം മാധ്യമപ്രവര്‍ത്തകരും മണിപ്പൂരില്‍ സന്ദര്‍ശനം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ അഭിഭാഷകര്‍ക്കും എഡിറ്റേഴ്‌സ് ഗില്‍ഡിനുമെതിരെ വരെ കേന്ദ്രസര്‍ക്കാര്‍ കേസെടുക്കുകയാണ് ചെയ്തത്,’ അദ്ദേഹം പറഞ്ഞു.
നിലവില്‍ മണിപ്പൂരില്‍ 200 പേര്‍ മരിച്ചെന്നും ആയിരം പേര്‍ക്ക് പരിക്കേറ്റെന്നും 5000 വീട് തകര്‍ന്നെന്നുമാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിലും അധികം ആയിരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മണിപ്പൂരില്‍ നിന്നുള്ള വാര്‍ത്തകള്‍ തമസ്‌കരിക്കുന്ന മുഖ്യധാരാമാധ്യമങ്ങള്‍ക്കിടയില്‍ ‘മണിപ്പൂര്‍ എഫ്.ഐ.ആര്‍’ പുസ്തകവും രചയിതാവും വേറിട്ടു നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
പുസ്തക പ്രകാശന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മുന്‍ കേന്ദ്രമന്ത്രി പ്രൊഫസര്‍ കെ.വി. തോമസ്, മന്ത്രി പി. രാജീവ് എന്നിവര്‍ പങ്കെടുത്തു.
Content Highlight: Chief minister on media double standards