ന്യൂദല്‍ഹി: ഇന്ത്യാ സഖ്യത്തിന്റെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് മണിപ്പൂരിനെ കുറിച്ച് ചര്‍ച്ച ചെയ്ത് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്. കലാപം തുടങ്ങിയതിന് ശേഷം ആദ്യമായാണ് മണിപ്പൂര്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വിഷയം ചര്‍ച്ച ചെയ്യുന്നത്. മോദിയുടെ നേതൃത്വത്തില്‍ നടന്ന രണ്ട് യോഗങ്ങളില്‍ പങ്കെടുത്തിട്ടും ബിരേന്‍ സിങ് മണിപ്പൂര്‍ വിഷയം ഉന്നയിച്ചില്ലെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച.
ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തിക്കൊണ്ടാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്തത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. മണിപ്പൂര്‍ വിഷയം പരിഹരിക്കണമെന്നാണ് ബിരേന്‍ സിങ് ഉയര്‍ത്തിയ പ്രധാന ആവശ്യം. മണിപ്പൂരില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷത്തിന്റെ വന്‍ സമ്മര്‍ദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് യോഗം.
ബി.ജെ.പി മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിന് ശേഷമാണ് ഇരുവരും പ്രത്യേകം കൂടിക്കാഴ്ച നടത്തിയത്. 20 മിനിറ്റോളം ചര്‍ച്ച നീണ്ടുനിന്നതായി പേര് വെളിപ്പെടുത്താത്ത ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചര്‍ച്ചയുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇതിനുപുറമെ മണിപ്പൂര്‍ ഗവര്‍ണര്‍ അനുസിയ ഉയ്‌കെയെ കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു. പകരം പുതിയ അസം ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യയ്ക്ക് മണിപ്പൂരിന്റെ അധിക ചുമതല നല്‍കുകയും ചെയ്തു.
2023 മെയ് മുതലാണ് മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ ഇതുവരെ രാജ്യത്തിന്റെ പ്രധാനമന്ത്രി സംസ്ഥാനം സന്ദര്‍ശിച്ചിട്ടില്ല. പാര്‍ലമെന്റില്‍ മണിപ്പൂരിനെ കുറിച്ച് ഒരു തവണ പോലും ഉരിയാടിയതുമില്ല. ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂര്‍ സന്ദര്‍ശിച്ച് വേണ്ടത് ചെയ്യുന്നുണ്ടെന്നാണ് വിമര്‍ശനങ്ങള്‍ക്ക് ബി.ജെ.പി നല്‍കിയ വിശദീകരണം.
അതേസമയം 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിയും ഇരുസഭകളിലും ഇന്ത്യാ സഖ്യത്തില്‍ നിന്നുണ്ടായ സമ്മര്‍ദവും മോദിയെകൊണ്ട് മണിപ്പൂരില്‍ സംസാരിക്കാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് മുന്നില്‍ വാക്കുകള്‍ മുഴുവിപ്പിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയെയാണ് ലോക്‌സഭയില്‍ കണ്ടത്.
Content Highlight: Chief Minister N. Biren Singh met Prime Minister Narendra Modi and discussed about Manipur