ചെന്നൈ: ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള അപേക്ഷകള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. എം.എം.കെ നേതാവ് എം.എച്ച്. ജവഹറുല്ല ഇതുസംബന്ധിച്ച ആവശ്യം നിയമസഭയില്‍ ഉന്നയിച്ചതിന് പിന്നാലെയാണ് എം.കെ. സ്റ്റാലിന്റെ പ്രതികരണം.
മുസ്‌ലിം സമുദായത്തിലേക്ക് മത പരിവര്‍ത്തനം നടത്തിയ പിന്നാക്കക്കാര്‍ക്കും അതീവ പിന്നാക്കക്കാര്‍ക്കും ഡീനോട്ടിഫൈഡ് വിഭാഗങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ അപേക്ഷകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പരിഗണിക്കാന്‍ ഒരുങ്ങുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആദി ദ്രാവിഡര്‍, പിന്നാക്ക വിഭാഗം, അതീവ പിന്നാക്ക വിഭാഗം, ഡിനോട്ടിഫൈഡ് സമുദായങ്ങള്‍ എന്നിവയുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ നിലവാരം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നതായി എം.കെ. സ്റ്റാലിന്‍ നിയമസഭയില്‍ ചൂണ്ടിക്കാട്ടി.
സമാനരീതിയില്‍ ഈ അഭ്യര്‍ത്ഥനയും സര്‍ക്കാര്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇസ്‌ലാം മതം സ്വീകരിച്ച പിന്നാക്ക വിഭാഗത്തിലെയും അതീവ പിന്നാക്ക വിഭാഗത്തിലെയും നോട്ടിഫൈഡ് സമുദായങ്ങളിലെയും അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ സംവരണം നിഷേധിക്കുന്നതായി ജവാഹറുല്ല നേരത്തെ ആരോപണം ഉയര്‍ത്തിയിരുന്നു.
അതേസമയം പുതിയ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള അതിര്‍ത്തി നിര്‍ണയത്തിനെതിരെയും, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നയത്തിനെതിരെയും തമിഴ്‌നാട് നിയമസഭ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായകമായ രണ്ട് നയങ്ങള്‍ക്കെതിരെ സഭയില്‍ പ്രമേയം അവതരിപ്പിച്ചത്.
Content Highlight: Chief Minister MK Stalin said that he will consider the requests for reservation for those who have converted to Islam