എല്ലാ ഊരും എങ്ക ഊര്; മണിപ്പൂരി കായിക താരങ്ങളെ തമിഴ് നാട്ടിലേക്ക് ക്ഷണിച്ച് സ്റ്റാലിന്‍
national news
എല്ലാ ഊരും എങ്ക ഊര്; മണിപ്പൂരി കായിക താരങ്ങളെ തമിഴ് നാട്ടിലേക്ക് ക്ഷണിച്ച് സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd July 2023, 1:34 pm

ചെന്നൈ: കലാപം രൂക്ഷമായ സാഹചര്യത്തില്‍ മണിപ്പൂരിലെ കായിക താരങ്ങളെ തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. തമിഴ്‌നാട്ടില പരിശീലന കേന്ദ്രങ്ങള്‍ ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ‘എല്ലാ ഊരും എങ്ക ഊര്, എല്ലാ മക്കളും നമ്മ മക്കള്‍’ എന്ന തമിഴ് കവിതയിലെ വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് എം.കെ. സ്റ്റാലിന്‍ മണിപ്പൂരിലെ കായിക താരങ്ങളെ തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ചത്.

ഏഷ്യന്‍ ഗെയിംസിന് അടക്കം പരിശീലന സൗകര്യം നല്‍കുമെന്നും തുടര്‍നടപടികള്‍ക്ക് കായികമന്ത്രി ഉദയനിധി സ്റ്റാലിനെ ചുമതലപ്പെടുത്തിയതായും സ്റ്റാലിന്‍ അറിയിച്ചു.

‘കായികതാരങ്ങള്‍ക്ക് ഖേലോ ഇന്ത്യ, ഏഷ്യന്‍ ഗെയിംസ് പോലുള്ള കായികപരിപാടികള്‍ക്ക് സജ്ജരാകാനുള്ള സാഹചര്യമല്ല മണിപ്പുരില്‍ നിലവിലുള്ളത്.

ചാമ്പ്യന്മാരെ, പ്രത്യേകിച്ച് വനിതാ ചാമ്പ്യന്മാരെ സൃഷ്ടിക്കുന്നതില്‍ മണിപ്പുര്‍ പ്രശസ്തമാണ്. എന്നാല്‍ ഏറെ ആശങ്കയോടെയും വേദനയോടെയുമാണ് സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികളെ തമിഴ്നാട് നോക്കിക്കാണുന്നത്. മണിപ്പൂരില്‍ നിന്നുള്ള താരങ്ങള്‍ രാജ്യത്തിന്റെ അഭിമാനമാകണം.

അവരുടെ പരിശീലനം ഒരുതരത്തിലും മുടങ്ങരുത്. തമിഴ്‌നാട്ടിലെ എല്ലാ കായിക പരിശീലന സൗകര്യങ്ങളും മണിപ്പൂരില്‍ നിന്നുള്ള താരങ്ങള്‍ക്ക് ഉപയോഗിക്കാം. താരങ്ങളെ പരിശീലനത്തിനായി തമിഴ്‌നാട്ടിലേക്ക് കൊണ്ടുവരുന്നിനുള്ള ക്രമീകരണങ്ങള്‍ക്കായി കായിക മന്ത്രി ഉദയനിധി സ്റ്റാലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കായിക താരങ്ങളുടെ വിവരങ്ങള്‍ sportstn2023@gmail.com എന്ന മെയില്‍ ഐഡിയിലേക്കോ 91-8925903047 എന്ന ഫോണ്‍ നമ്പറിലേക്കോ അയക്കാം,’ സ്റ്റാലിന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, അടുത്ത വര്‍ഷം തമിഴ്‌നാട്ടിലാണ് ഖേലോ ഇന്ത്യ ഗെയിംസ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ സംസ്ഥാനം നേരത്തെ തുടങ്ങിയിരുന്നു.

Content Highlight: Chief Minister M.K.  Stalin has invited the sports players of Manipur to Tamil Nadu due to the situation of riots