| Sunday, 8th September 2024, 4:21 pm

'വര്‍ഷത്തിലൊരിക്കലെങ്കിലും കുട്ടികളുമായി നാട്ടിലേക്ക് വരണം'; തമിഴ് പ്രവാസികളോട് എം.കെ. സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചിക്കാഗോ: അമേരിക്കന്‍ പര്യടനത്തിനിടെ തമിഴ് പ്രവാസികള്‍ക്ക് നിര്‍ദേശവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. വര്‍ഷത്തിലൊരിക്കലെങ്കിലും കുട്ടികളുമായി തമിഴ്നാട്ടിലേക്ക് വരണമെന്നാണ് എം.കെ. സ്റ്റാലിന്‍ പറഞ്ഞത്. പ്രവാസ ലോകത്ത് ജീവിച്ച നമ്മുടെ കുട്ടികളെ തമിഴ്നാടിന്റെ സംസ്‌കാരത്തെ കുറിച്ചും പൈതൃകത്തെ കുറിച്ചും ബോധവാന്മാരാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തമിഴ് പ്രവാസികളുടെ സ്‌നേഹത്തിനും പിന്തുണക്കും എം.കെ. സ്റ്റാലിന്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ശനിയാഴ്ച ചിക്കാഗോ ആസ്ഥാനമായുള്ള തമിഴ് അസോസിയേഷനുകള്‍ സംഘടിപ്പിച്ച ഒരു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന് വേണ്ടി നിങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യണമെന്നും അദ്ദേഹം പറയുകയുണ്ടായി. ‘4000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നമ്മുടെ നാട്ടില്‍ സാക്ഷരതയുണ്ടായിരുന്നു. ഒരു വികസിത സമൂഹത്തില്‍ കഴിഞ്ഞിരുന്ന തമിഴ് സമൂഹത്തിന് നാഗരികതയുമായും ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രം എഴുതേണ്ടത് തമിഴിന്റെ ഭൂപ്രകൃതിയില്‍ നിന്നാണ്,’ എന്നും എം.കെ. സ്റ്റാലിന്‍ പറഞ്ഞു.

ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന യുവാക്കള്‍ക്കും യുവതികള്‍ക്കുമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ‘വെര്‍ഗലൈ തേടി തിട്ടം’ എന്ന പരിപാടിയെ മുന്‍നിര്‍ത്തിയായിരുന്നു മുഖ്യമന്ത്രിയുടെ ചിക്കാഗോയിലെ പ്രസംഗം.

തമിഴ്നാട്ടില്‍ നടക്കുന്ന സാംസ്‌കാരിക പര്യടന പദ്ധതിയാണ് വെര്‍ഗലൈ തേടി തിട്ടം (വേരുകള്‍ തേടിയുള്ള പദ്ധതി). ഇതിനെ ഉദ്ധരിച്ചാണ് തമിഴ് പ്രവാസികളോട് സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് എം.കെ. സ്റ്റാലിന്‍ നിര്‍ദേശിച്ചത്.

തമിഴ് വംശജരും വിദേശത്ത് താമസിക്കുന്നതുമായ ആളുകളില്‍ നിന്ന് തെരഞ്ഞെടുത്ത യുവാക്കളെ സംസ്ഥാനത്തെ പുരാവസ്തു മ്യൂസിയങ്ങളിലേക്കും കേന്ദ്രങ്ങളിലേക്കും എത്തിക്കാന്‍ ലക്ഷ്യമിടയുള്ള പദ്ധതിയാണ് വെര്‍ഗലൈ തേടി തിട്ടം. തമിഴ് സംസ്‌കാരത്തെ തുറന്നുകാണിക്കുന്ന ഇടങ്ങളിലേക്ക് ഒരു ടൂര്‍ എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

അതേസമയം തന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് തമിഴ്‌നാട് മുഖ്യമന്ത്രി യു.എസില്‍ സന്ദര്‍ശനം നടത്തിയതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വിദേശ നിക്ഷേപങ്ങളെ സംസ്ഥാനത്തേക്ക് ക്ഷണിക്കാനുള്ള പദ്ധതികളുമായാണ് എം.കെ. സ്റ്റാലിന്‍ യു.എസില്‍ എത്തിയതെന്ന് തുടര്‍ന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

അന്താരാഷ്ട്ര വ്യാവസായിക കമ്പനികളുമായി തമിഴ്‌നാട് സര്‍ക്കാര്‍ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. നോക്കിയ, പേപാല്‍, മൈക്രോചിപ്പ് തുടങ്ങിയ കമ്പനികളുമായുള്ള കരാറിലാണ് തമിഴ്നാട് സര്‍ക്കാര്‍ ഒപ്പുവെച്ചത്. തമിഴ്നാട് സര്‍ക്കാരിന്റെ നിക്ഷേപ പ്രോത്സാഹന ഏജന്‍സിയായ ഗൈഡന്‍സാണ് കരാറില്‍ ഒപ്പുവെച്ചത്.

കരാറിന്റെ അടിസ്ഥാനത്തില്‍ നോക്കിയ തമിഴ്‌നാട്ടില്‍ 100ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു പുതിയ ഗവേഷണ സ്ഥാപനം സ്ഥാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. 450 കോടി രൂപ മുതല്‍മുടക്കിലാണ് ഈ പദ്ധതി നടപ്പിലാക്കുക. 1000 യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പുനല്‍കുന്ന മറ്റൊരു കരാറിലും നോക്കിയയുമായി ഡി.എം.കെ. സര്‍ക്കാര്‍ ഒപ്പുവെച്ചിരുന്നു.

Content Highlight: Chief Minister M.K.Stalin gave advice to the Tamil diaspora during his American tour

We use cookies to give you the best possible experience. Learn more