തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിക്കാരനാണെന്നും മുസ്‌ലിം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നുമൊക്കെ ആരോപിച്ച് സംഘപരിവാര്‍ അനുകൂല സന്നദ്ധ സംഘടനയായ എച്ച്.ആര്‍.ഡി.എസ്(ഹൈറേഞ്ച് റൂറല്‍ ഡവലപ്മെന്റ് സൊസൈറ്റി). ഇതുസംബന്ധിച്ച് സംഘപരിവാര്‍ എച്ച്.ആര്‍.ഡി.എസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനും കത്തയച്ചു. ലാവലിന്‍ കേസ് പലപ്പോഴായി നീട്ടിവെക്കുന്ന സാഹചര്യം ചൂണ്ടിക്കാണിച്ചാണ് കത്ത്.
പിണറായി വിജയനെ പോലെ അഴിമതി നിറഞ്ഞ മറ്റൊരു മുഖ്യമന്ത്രിയില്ലെന്നാണ് കത്തില്‍ ആരാപിക്കുന്നത്. എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് ഇനിയും നീട്ടിവെക്കരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ഹിന്ദു മത വിശ്വാസികള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും കത്തില്‍ പറയുന്നു. മുഖ്യമന്ത്രി എച്ച്.ആര്‍.ഡി.എസിനെതിരെ എസ്.സി, എസ്.ടി നിയമം വളച്ചൊടിച്ച് കേസെടുത്തിട്ടുണ്ടെന്നും കത്തില്‍ ആരോപിക്കുന്നു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായ സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് എച്ച്.ആര്‍.ഡി.എസ്. ആദിവാസി ഭൂമി കയ്യേറിയെന്ന കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ എച്ച്.ആര്‍.ഡി.എസിന്റെ സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
1995ലാണ് സംഘടന രൂപീകൃതമായത്. എച്ച്.ആര്‍.ഡി.എസ് കേരളത്തില്‍ ആദിവാസികളുടെ പട്ടയഭൂമി കയ്യേറിയത് അന്വേഷിക്കാന്‍ എസ്.സി എസ്.ടി കമ്മീഷന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയില്‍ എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണനെതിരെ കേസെടുത്തിരുന്നത്.
Content Highlight: Chief Minister is corrupt, Hindus cannot live here; Letter from a pro-Sangh Parivar NGO to the Supreme Court