| Monday, 28th February 2022, 1:43 pm

എം.എല്‍.എയുടെ കാര്‍ തകര്‍ത്തതാണ് ഇന്നത്തെ ഒറ്റപ്പെട്ട സംഭവം, ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി സമ്പൂര്‍ണ പരാജയമാണ്: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോവളം എം.എല്‍.എ എം. വിന്‍സെന്റിന്റെ കാര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ ആഭ്യന്തരവകുപ്പിനെതിരേയും കേരള പൊലീസിനെതിരേയും രൂക്ഷ വിമര്‍ശനമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ കൊലപാതകങ്ങളും ഗുണ്ടാ അക്രമങ്ങളും നിത്യസംഭവമായി മാറുമ്പോഴും പൊലീസ് നിഷ്‌ക്രിയമായി നോക്കി നില്‍ക്കുകയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

‘ഇതാണ് ഇന്നത്തെ ഒറ്റപ്പെട്ട സംഭവം. ഈ നാട്ടില്‍ എം.എല്‍.എ പോലും സുരക്ഷിതരല്ലെങ്കില്‍ സാധാരണ ജനതയുടെ സ്ഥിതി എന്തായിരിക്കും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ സമ്പൂര്‍ണ പരാജയമാണെന്നു തെളിയിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ഉടന്‍ ആഭ്യന്തര വകുപ്പ് ഒഴിയണം,” അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളം ഗുണ്ടാ കൊറിഡോറാണെന്നും വി.ഡി. സതീശന്‍ നിയമസഭയില്‍ പറഞ്ഞു.

‘കേരളം ഗുണ്ടാ കൊറിഡോറാണ്. അതിന് അടിവരയിടുന്ന അക്രമസംഭവങ്ങളാണ് ദിവസവും നടക്കുന്നത്. ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്ന നാടായി കേരളം മാറിയിരിക്കുകയാണ്. കേരളത്തിലെ ഗുണ്ടാ മയക്കുമരുന്ന് സംഘങ്ങള്‍ക്ക് എല്ലാ ഒത്താശയും ചെയ്യുന്നത് സി.പി.ഐ.എം നേതാക്കളാണ്.

സി.പി.ഐ.എം നേതാക്കളുടെയും സര്‍ക്കാരിന്റയും സംരക്ഷണമുള്ളതുകൊണ്ടാണ് ഗുണ്ടകളെയും മയക്കുമരുന്ന് സംഘങ്ങളെയും അമര്‍ച്ച ചെയ്യാന്‍ പൊലീസിന് കഴിയാതെ വരുന്നത്,’ അദ്ദേഹം ആരോപിച്ചു.

തിങ്കളാഴ്ച രാവിലെയാണ് എം. വിന്‍സന്റിന്റെ തിരുവനന്തപുരം ബാലരാമപുരത്തെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ അടിച്ചു തകര്‍ത്തത്. ഉച്ചക്കട സ്വദേശി സന്തോഷ് എന്നയാളാണ് കാറിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ത്തത്. അക്രമിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

മുല്ലപ്പെരിയാര്‍ ഡാം പൊട്ടാന്‍ പോകുകയാണെന്നും എം.എല്‍.എ ഒരു നടപടിയും എടുത്തില്ലെന്നും പറഞ്ഞാണ് കാര്‍ തകര്‍ത്തതെന്നും പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നുമാണ് പൊലീസ് പറയുന്നത്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് സന്തോഷ് പൊലീസിനോടും പറയുന്നത്.

നാലു വര്‍ഷമായി ചില മാനസിക വിഭ്രാന്തികള്‍ സന്തോഷ് പ്രകടിപ്പിക്കുന്നുണ്ടെന്ന് സന്തോഷിന്റെ അമ്മയും പൊലീസിനോട് പറഞ്ഞു. എന്നാല്‍ അക്രമി മാനസിക അസ്വാസ്ഥ്യം അഭിനയിക്കുകയാണെന്നും ആസൂത്രിതമായാണ് കാര്‍ തകര്‍ത്തതെന്നും എം.എല്‍.എ ആരോപിച്ചു.


Content Highlights: Chief Minister is a complete failure in handling the Home Department: VD Satheesan

We use cookies to give you the best possible experience. Learn more