| Wednesday, 26th July 2023, 12:04 pm

ഇടപെട്ട് മുഖ്യമന്ത്രി; മൈക്ക് കേസ് ഇന്ന് തന്നെ അവസാനിപ്പിക്കാന്‍ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിക്കവെ മൈക്ക് തടസപ്പെട്ട സംഭവത്തില്‍ കേസുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം. കേസ് ഇന്ന് തന്നെ അവസാനിപ്പിക്കണം എന്നാണ് സര്‍ക്കാര്‍ കന്റോണ്‍മെന്റ് പൊലീസിന് നല്‍കിയ നിര്‍ദേശം.

ഇതോടെ ഉപകരണങ്ങള്‍ ഇന്ന് തന്നെ മൈക്ക് ഓപ്പറേറ്റര്‍ക്ക് തിരിച്ചുനല്‍കും.
വൈകുന്നേരം തന്നെ ഉപകരണങ്ങള്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെ്ക്ട്രേറ്റില്‍ പരിശോധന നടത്തി തിരിച്ചുനല്‍കാനാണ് പൊലീസ് ആലോചിക്കുന്നത്.

സുരക്ഷ പരിശോധന അല്ലാതെ മറ്റൊരു നടപടിയും പാടില്ലെന്ന് മുഖ്യമന്ത്രിയും പൊലീസിന് നിര്‍ദേശം നല്‍കി. കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടതിന് കേസെടുത്തത് വന്‍ വിവാദമായതോടെയാണ് സര്‍ക്കാരിന്റെ ഇടപെടല്‍.

മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ ഹൗളിങ്ങ് നടന്നതില്‍ മനപൂര്‍വമായ ഇടപെടല്‍ പരിശോധിക്കുക മാത്രമാണ് ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചിരുന്നു. പൊതു സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ മൈക്ക് പ്രവര്‍ത്തിച്ചു എന്നാണ് എഫ്.ഐ.ആറിലുണ്ടായിരുന്നത്. പൊലീസ് ആക്ട് 118 ഇ വകുപ്പ് പ്രകാരമായിരുന്നു കേസ്.

അതേസമയം, ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഉയര്‍ന്ന മുദ്രാവാക്യം വിളിയും, പിണറായിയുടെ സാന്നിധ്യത്തില്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതിനെ കെ. സുധാകരന്‍ വിമര്‍ശിച്ചതും വിവാദമായിരുന്നു. മുഖ്യമന്ത്രി ക്ഷണം സ്വീകരിച്ച് പങ്കെടുത്തിട്ടും അപമാനിക്കുന്ന രീതിയിലായിരുന്നു കോണ്‍ഗ്രസ് സമീപനം എന്നായിരുന്നു ഒരു വിഭാഗം സി.പി.ഐ.എം നേതാക്കളുടെ വിമര്‍ശനം.

Content Highlight: Chief Minister intervened Mike is instructed to close the case today

We use cookies to give you the best possible experience. Learn more