കലാസ്വാദനം നല്‍കുന്ന സാന്ത്വനം പകരംവെയ്ക്കാനാകാത്തതെന്ന് മുഖ്യമന്ത്രി ; ഐ.എഫ്.എഫ്.കെക്ക് തിരുവനന്തപുരത്ത് തുടക്കം
Movie Day
കലാസ്വാദനം നല്‍കുന്ന സാന്ത്വനം പകരംവെയ്ക്കാനാകാത്തതെന്ന് മുഖ്യമന്ത്രി ; ഐ.എഫ്.എഫ്.കെക്ക് തിരുവനന്തപുരത്ത് തുടക്കം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 7th December 2018, 9:07 pm

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നത് പോലെ പ്രധാനമാണ് തകര്‍ന്നുപോയ മനസ്സുകളുടെ പുനര്‍നിര്‍മ്മാണവുമെന്ന് മുഖ്യമന്ത്രി. ഐ.എഫ്.എഫ്.കെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം.

മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായ ചടങ്ങില്‍ ബംഗാളി സംവിധായകന്‍ ബുദ്ധദേവ്ദാസ് ഗുപ്ത ആയിരുന്നു മുഖ്യാതിഥി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ. പ്രശാന്ത്, കെ.ടി.ഡി.സി. ചെയര്‍മാന്‍ എം. വിജയകുമാര്‍, നടിയും സംവിധായികയുമായ നന്ദിതാ ദാസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു.

ആഘാതമേറ്റ മാനസികാവസ്ഥയില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിന് കലാപ്രവര്‍ത്തനം വലിയ തോതില്‍ ഉപകരിക്കും. കലാസ്വാദനം നല്‍കുന്ന സാന്ത്വനം പകരംവെയ്ക്കാനാകാത്തതാണെന്നും വിഷാദത്തിന്റെ ഇരുട്ട് അകറ്റാനും അതിനു കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read:  തോല്‍വി ഉറപ്പിച്ച മോദി പഴയ അടവുകള്‍ പുറത്തെടുക്കുന്നു; റോബര്‍ട്ട് വദ്രക്ക നേരെ നടക്കുന്നത് പക പോക്കല്‍:രണ്‍ദീപ് സിങ്ങ് സുര്‍ജേവാലാ

ഈ വസ്തുത അംഗീകരിക്കുന്നതുകൊണ്ടാണ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചലച്ചിത്രമേളക്ക് തടസ്സമാവരുത് എന്ന് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യ്ക്തമാക്കി.

19-ാം നൂറ്റാണ്ടിലെ ക്രൂരവും മനുഷ്യത്വവിരുദ്ധവുമായ ദുരാചാരങ്ങള്‍, സ്ത്രീവിരുദ്ധ സമീപനങ്ങള്‍, അന്ധവിശ്വാസങ്ങള്‍ തുടങ്ങിയവയൊക്കെ തിരിച്ചുകൊണ്ടുവന്ന് സമൂഹത്തെ മലീമസമാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുന്ന കാലമാണിത്.വിശ്വാസത്തിന്റെയും ദേശസ്‌നേഹത്തിന്റെയും പേരു പറഞ്ഞ് മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള നയപരിപാടികളും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. പ്രളയകാലത്ത് നാം നേരിട്ടതുപോലുള്ള ദുരന്താനുഭവങ്ങളെ ഒരുമിച്ചു നിന്ന് അതിജീവിക്കുന്നതിനുള്ള സാധ്യത ഇത്തരം ശക്തികള്‍ നഷ്ടപ്പെടുത്തും. ആ ആപത്ത് തടയാന്‍ സാര്‍വദേശീയമായ മാനുഷികമൂല്യമുള്ള സിനിമകള്‍ പ്രദര്‍ശിപ്പിച്ച് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു