ഒരു ഭാഷ, ഒരു മതം തുടങ്ങിയ ഏകപക്ഷീയ മുദ്രാവാക്യങ്ങളുയര്‍ത്തുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ നവകേരള സദസിൽ മുഖ്യമന്ത്രി
Kerala News
ഒരു ഭാഷ, ഒരു മതം തുടങ്ങിയ ഏകപക്ഷീയ മുദ്രാവാക്യങ്ങളുയര്‍ത്തുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ നവകേരള സദസിൽ മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th November 2023, 6:59 pm

കാസര്‍ഗോഡ്: ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഏകപക്ഷീയ മുദ്രാവാക്യങ്ങളെ നവകേരള സദസിൽ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയില്‍ ധാരാളം വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇന്ത്യ എന്നും ‘നാനാത്വത്തില്‍ ഏകത്വം’ എന്ന ആശയമാണ് ഉയര്‍ത്തിപിടിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ എന്‍.ഡി.എ സഖ്യത്തിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ ഒരു ഭാഷ, ഒരു മതം, ഒരു നികുതി, ഒരൊറ്റ വ്യക്തി നിയമം, ഒരു തെരഞ്ഞെടുപ്പ് എന്നിവ നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ‘ഒരു’ വിനെ മുന്‍നിര്‍ത്തികൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ പൗരന്മാരില്‍ അടിച്ചേല്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇത്തരം വാഗ്ദാനങ്ങളിലൂടെയും മുദ്രാവാക്യങ്ങളിലൂടെയും ഇന്ത്യയിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മറച്ചുവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും നവകേരള സദസിൽ പിണറായി വിജയന്‍ പറഞ്ഞു.

‘171 രാജ്യങ്ങളെ പട്ടികപ്പെടുത്തിയ മാനവവികസന സൂചികയില്‍ ഇന്ത്യ 132ാം സ്ഥാനത്താണ്. ലോകത്തുള്ള 161 രാജ്യങ്ങളെ പട്ടികപ്പെടുത്തിയ സാമ്പത്തിക അസമത്വ സൂചികയില്‍ നമ്മുടെ രാജ്യം നില്‍ക്കുന്നത് 123ാം സ്ഥാനത്തും. അത്രമാത്രം സാമ്പത്തിക അസമത്വം നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നു. ഇതാണ് രാജ്യത്തിന്റെ അവസ്ഥ.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അത്ര വലുതാണെന്ന് അര്‍ത്ഥം. ആരോഗ്യമേഖലയില്‍ പണം വിനിയോഗിക്കുന്നതിന്റെ ഭാഗമായി 161 രാജ്യങ്ങളെ പട്ടികപ്പെടുത്തിയതില്‍ ഇന്ത്യ 157ാം സ്ഥാനത്താണ്,’ മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടാതെ കേന്ദ്രം പൊതുവെ ചില സ്ഥാപനങ്ങളെയെല്ലാം കയ്യൊഴിയുന്നുണ്ടെന്നും അത്തരത്തില്‍ കയ്യൊഴിയുന്ന സ്ഥാപനങ്ങളെ ഏറ്റെടുത്ത് പൊതുമേഖലയായി നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. അതോടൊപ്പം നല്ല രീതിയില്‍ പൊതുമേഖലയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Chief Minister in Nava Kerala Sadas against central government raising unilateral slogans