| Monday, 26th April 2021, 10:32 pm

'സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് കാരണം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തെരഞ്ഞെടുപ്പ് കമ്മീഷനും'; കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പി.സി ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ശൈലജയും തെരഞ്ഞെടുപ്പ് കമ്മീഷനുമാണെന്ന് പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്.

ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. നാടിനെ ഇന്നത്തെ അവസ്ഥയിലേക്ക് തള്ളിവിട്ടതില്‍ സര്‍ക്കാരിനും, ആരോഗ്യ വകുപ്പിനും, തെരഞ്ഞെടുപ്പ് കമ്മീഷനും തുല്യപങ്കാണുള്ളതെന്നാണ് പി.സി ജോര്‍ജ് പറയുന്നത്.

കൊവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ആരോപണവുമായി പി.സി ജോര്‍ജും രംഗത്ത് എത്തിയത്.

നമ്മുടെ നാടിനെ ഇന്നത്തെ അവസ്ഥയിലേക്ക് തള്ളിവിട്ടതില്‍ സര്‍ക്കാരിനും, ആരോഗ്യ വകുപ്പിനും, തെരഞ്ഞെടുപ്പ് കമ്മീഷനും തുല്ല്യപങ്കാണുള്ളത്. തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് സര്‍ക്കാരിനോടും, തെരഞ്ഞെടുപ്പ് കമ്മീഷനോടും താന്‍ ആവശ്യപ്പെട്ടതാണ്
പിന്നീട് ഹൈക്കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തു. ഇന്ന് നമ്മുടെ നാട് നേരിടുന്ന വെല്ലുവിളിക്ക് തെരഞ്ഞെടുപ്പ് കാരണമാകുമെന്ന് തിരിച്ചറിയാന്‍ വലിയ ശാസ്ത്രജ്ഞനൊന്നുമാകേണ്ട കാര്യമില്ല സാമാന്യബുദ്ധി എന്നൊരു സാധനമുണ്ടായാല്‍മതി – പി.സി ജോര്‍ജ് പറഞ്ഞു.

കൊവിഡ് രണ്ടാം തരംഗത്തിന്റെ പ്രധാന ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം. ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുമെന്ന് ഉറപ്പുവരുത്തുന്ന ഒരു സാഹചര്യത്തിലല്ലാതെ മെയ് രണ്ടാം തീയതി വോട്ടെണ്ണല്‍ നടത്തരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് വോട്ടെണ്ണല്‍ നടത്തുന്നതിനായി ആരോഗ്യ സെക്രട്ടറിയെ കണ്ട് നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് തെരഞ്ഞെടുപ്പ് കമ്മീഷനോടും ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടുമാണ് നിര്‍ദേശം നല്‍കിയത്.

പി.സി ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

ഓരോ ഫോണ്‍ കോളുകളും നെഞ്ചിടിപ്പോടെയാണ് എടുക്കുന്നത്.
ഒരു വശത്ത് ജീവനായി കേണുകൊണ്ടുള്ള വിളികളും, മറുവശത്ത് തങ്ങള്‍ക്ക് ലഭിക്കുന്ന പരിമിത സാഹചര്യത്തില്‍ നിന്ന് കൊണ്ട് മഹാമാരിയെ നേരിടുന്ന ആതുര സേവന രംഗത്തെ പോരാളികളും.

നമ്മുടെ നാടിനെ ഇന്നത്തെ അവസ്ഥയിലേക്ക് തള്ളിവിട്ടതില്‍ സര്‍ക്കാരിനും, ആരോഗ്യ വകുപ്പിനും, തെരഞ്ഞെടുപ്പ് കമ്മീഷനും തുല്ല്യപങ്കാണുള്ളത്.തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് സര്‍ക്കാരിനോടും, തെരഞ്ഞെടുപ്പ് കമ്മീഷനോടും ഞാന്‍ ആവശ്യപ്പെട്ടതാണ്. പിന്നീട് ഹൈകോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു.

ഇന്ന് നമ്മുടെ നാട് നേരിടുന്ന വെല്ലുവിളിക്ക് തെരഞ്ഞെടുപ്പ് കാരണമാകുമെന്ന് തിരിച്ചറിയാന്‍ വലിയ ശാസ്ത്രജ്ഞനൊന്നുമാകേണ്ട കാര്യമില്ല സാമാന്യബുദ്ധി എന്നൊരു സാധനമുണ്ടായാല്‍മതി. എല്ലാം സജ്ജമാണെന്ന് സര്‍ക്കാരും, ആരോഗ്യവകുപ്പും, തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ തെറ്റിദ്ധരിപ്പിച്ച് എനിക്കെതിരെ അനുകൂല വിധി നേടി.

ജനന്മയെ കരുതി ഞാന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി ചര്‍ച്ച ചെയ്യപ്പെട്ടത് വേറൊരു തലത്തിലാണ്
മനഃപൂര്‍വ്വം സൃഷ്ടിക്കപെട്ട ഇപ്പോഴുള്ള ഈ കൊറോണ വ്യാപനം ആര്‍ക്കൊക്കെ നേട്ടമുണ്ടാക്കുമെന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.
ഈ സാഹചര്യത്തിലേക്ക് പൊതുജനത്തെ തള്ളിവിട്ടതാണെന്ന് എനിക്കുറപ്പുണ്ട്.

ഇന്നിപ്പോള്‍ മദ്രാസ് ഹൈകോടതി പറഞ്ഞത് പോലെ ‘മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യമന്ത്രിക്കും, തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.

പി.സി ജോര്‍ജ്

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  ‘Chief Minister, Health Minister and Election Commission responsible for Covid spread in state’; PC George

Latest Stories

We use cookies to give you the best possible experience. Learn more